കാഠ്മണ്ഡു: നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ച രണ്ടു കുടുംബങ്ങളിലെ എട്ടു മലയാളികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ന ാട്ടിലെത്തിക്കും. കാഠ്മണ്ഡുവിലെ ടീച്ചിങ് ആശുപത്രിയിൽ ഇവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്ന് മുതിർന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറിയിച്ചു. സംഘത്തിലുള്ള രണ്ടുപേർ മൃതദേഹത്തെ അനുഗമിക്കും. മറ്റുള്ളവർ നാട്ടിലേക്ക് തിരിച്ചു.
അതിനിടെ, സംഭവം അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേരളത്തിൽനിന്ന് വിനോദയാത്രക്കെത്തിയ 15 അംഗ സംഘത്തിലെ രണ്ടു ദമ്പതികളും നാലു കുട്ടികളുമാണ് തിങ്കളാഴ്ച രാത്രി ഉറക്കത്തിൽ മരിച്ചത്. കോഴിക്കോട് കുന്ദമംഗലത്തെ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ്മി (32), മകൻ വൈഷ്ണവ് (രണ്ട്), തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കൃഷ്ണൻ (39), ഭാര്യ ശരണ്യ ശശി (34), മക്കളായ ശ്രീഭദ്ര (9), ആർച്ച (6), അഭിനവ് (നാല്) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിെൻറ മൂത്ത മകൻ മാധവ് (ഏഴ്) മറ്റൊരു മുറിയിൽ താമസിച്ചതിനാൽ രക്ഷപ്പെട്ടു.
അടച്ചിട്ട മുറിയിൽ ദീർഘനേരം ഗ്യാസ് ഹീറ്റർ പ്രവർത്തിച്ചതുവഴി ഒാക്സിജെൻറ അളവു കുറഞ്ഞ്, കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് കരുതുന്നത്. കൊടും തണുപ്പകറ്റാനാണ് ഹീറ്റർ ഉപയോഗിച്ചത്. മകവൻപുർ ജില്ലയിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ദുരന്തമുണ്ടായത്. രാവിലെ അബോധാവസ്ഥയിൽ കണ്ട എട്ടുപേരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പൊഖാറ സന്ദർശിക്കാനാണ് ഇവർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.