സുധാകരന്റെ മകൾ അനഘയെ ആശ്വസിപ്പിക്കാനെത്തിയ ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാർ
നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിൽ പൊലീസിന് വിചിത്ര വിശദീകരണം. പരാതിക്കു പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നെന്ന് ഡിവൈ.എസ്.പി അജിത് കുമാർ പറഞ്ഞു. ഭീഷണിയെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈ.എസ്.പി പറഞ്ഞു.
ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 29നാണ് ചെന്താമരയെ പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാൾ, അകത്തേക്ക് കയറാൻ തയാറായിരുന്നില്ല. വേണമെങ്കില്‍ പൊലീസ് പുറത്തേക്ക് വരട്ടെ എന്നായിരുന്നു പ്രതിയുടെ പക്ഷം. അകത്ത് വരാന്‍ പറ്റില്ലെന്ന് ചെന്താമര പറഞ്ഞതിനാൽ താൻ പുറത്തേക്ക് ചെന്നാണ് അയാളോട് സംസാരിച്ചതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ച പ്രതിയെ താക്കീത് നൽകി തിരികെ വിടുകയായിരുന്നു പൊലീസ്. നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറഞ്ഞു.
മൂന്നു കൊലപാതകങ്ങളും ആസൂത്രിതം
നെന്മാറ: അയൽവീട്ടിലെ മൂന്നുപേരെയും ചെന്താമര കൊലപ്പെടുത്തിയത് ആസൂത്രിതമായി. 2019ൽ ഭര്‍ത്താവ് സുധാകരന് തിരുപ്പൂരിലെ ജോലിസ്ഥലത്തും മക്കള്‍ സ്കൂളിലുമായിരുന്ന സമയത്തായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ സമയം വീട്ടില്‍ സജിത തനിച്ചാണെന്ന് ചെന്താമര മനസ്സിലാക്കിയിരുന്നു. പിറകിലൂടെ എത്തി കത്തികൊണ്ട് കഴുത്തില്‍ വെട്ടിയാണ് സജിതയെ കൊന്നത്. സജിതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് തിങ്കളാഴ്ചയിലെ കൊലകളും നടത്തിയത്.
തന്റെ ഭാര്യയും കുട്ടിയും പിണങ്ങിപ്പോയതിനു പിന്നില്‍ അയല്‍വാസിയായ സജിതക്കും മറ്റു ചില അയല്‍വാസികള്‍ക്കും പങ്കുണ്ടെന്ന് കരുതി അതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് സജിതയെ കൊലപ്പെടുത്തിയതെന്ന് അന്ന് ചെന്താമര അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയതിനുശേഷം ചെന്താമര സെക്യൂരിറ്റി ജോലി ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ക്ക് കിട്ടിയ വിവരം. നാട്ടിലെത്തിയിട്ട് രണ്ടു മാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. സുധാകരനെയും അമ്മയെയും വധിക്കുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ കൊടുവാള് കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
അച്ഛനെ കാത്തുനിന്ന മകൾ കേട്ടത് കൊലപാതക വാർത്ത
നെന്മാറ: ക്ഷേമനിധി അടക്കാനായി പിതാവ് സുധാകരനെ നെന്മാറ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന മകൾ അനഘയെ തേടിയെത്തിയത് പിതാവ് മരിച്ചെന്ന വാർത്ത. ബസ് സ്റ്റാൻഡിലേക്കു പോകാനായി സ്കൂട്ടറിൽ കയറി പുറത്തിറങ്ങവേയാണ് ചെന്താമര സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുധാകരന്റെ മാതാവ് ലക്ഷ്മിയും ആക്രമണത്തിനിരയാവുകയായിരുന്നു. ഈ സമയത്തെല്ലാം അച്ഛനെ കാത്ത് അനഘ നെന്മാറ ടൗണിൽ കാത്തിരിക്കുകയായിരുന്നു.
ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയശേഷം അച്ഛനില്ലാതെ അനഘ വീട്ടിലേക്കു വരാറില്ല. അമ്മയുടെ വീട്ടിലാണ് അനഘ താമസിച്ച് പഠിക്കുന്നത്. സുധാകരൻ തമിഴ്നാട് തിരുപ്പൂരിൽ ഡ്രൈവർ ജോലി ചെയ്യുകയാണ്. ജോലിക്കിടെ അവധിയിൽ എത്തിയ അച്ഛന് ക്ഷേമനിധി ബോർഡ് രേഖകൾ തയാറാക്കുന്നതിന് അവധിയെടുത്താണ് നെന്മാറ ടൗണിൽ എത്തിയതെന്ന് അനഘ പറഞ്ഞു.
പ്രതിയെ പിടികൂടാൻ 30ലധികം സംഘങ്ങൾ
നെന്മാറ: പ്രതിയെ പിടികൂടാൻ 30ലധികം പൊലീസ് സംഘങ്ങൾ. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രതി ചെന്താമരയെ പിടികൂടാൻ പൊലീസ് ശക്തമായ തിരച്ചിലാണ് നടത്തുന്നത്. നെന്മാറ, ആലത്തൂർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാർ പറഞ്ഞു. വിരലടയാള വിദഗ്ധർ, സയൻറിഫിക് അസിസ്റ്റൻറ് സംഘം, പൊലീസ് നായ്, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം, എസ്.പിയുടെ അന്വേഷണ സംഘം എന്നിവ പോത്തുണ്ടിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.