അയല്‍വാസിയുടെ വെട്ടേറ്റ നാലു വയസ്സുകാരന്‍ മരിച്ചു

കല്‍പറ്റ: അമ്മയോടൊപ്പം അംഗൻവാടിയിലേക്ക് പോകവെ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പള്ളിക്കവല കുഴിമുക്കിൽ പാറക്കല്‍ ജയപ്രകാശ്-അനില ദമ്പതികളുടെ മകന്‍ ആദിദേവ് ആണ് കഴിഞ്ഞദിവസം രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ആക്രമണത്തിൽ പുറത്തും തോളിനും പരിക്കേറ്റ അനില ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്. കുട്ടിക്ക് ഇടത്തെ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ജയപ്രകാശ് സ്ഥലത്തില്ലാതിരുന്ന വ്യാഴാഴ്ച രാവിലെ 10ഓടെ കുട്ടിയെ അംഗൻവാടിയിൽ കൊണ്ടുവിടാൻ പോകുന്ന വഴിയിൽ കാത്തുനിന്ന പ്രതി ജിതേഷ് വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായ കുട്ടിയെ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിക്കുകയായിരുന്നു.

അയൽവാസികളായ ജിതേഷും ജയപ്രകാശും അടുത്ത സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും വ്യക്തമല്ല. പ്രതി ജിതേഷിനെ വ്യാഴാഴ്ചതന്നെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് കോടതി റിമാൻഡ് ചെയ്ത പ്രതിക്കെതിരെ കൊലക്കുറ്റത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Neighbour attacked five-year-old and dead in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.