തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം (2017-18) മുതല്‍ സംസ്ഥാനത്ത് മെഡിക്കല്‍പ്രവേശനപരീക്ഷ നടത്തേണ്ടതില്ളെന്ന് മന്ത്രിസഭയോഗം തീരുമാനിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകള്‍ക്കൊപ്പം ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രഫഷനല്‍ കോഴ്സുകളിലെ പ്രവേശനവും അഖിലേന്ത്യ പ്രവേശനപരീക്ഷയെ (നീറ്റ്) അടിസ്ഥാനമാക്കി നടത്തും. സംസ്ഥാന പ്രവേശനപരീക്ഷ (കീം) ഇനി മുതല്‍ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ കോഴ്സുകള്‍ക്ക് മാത്രമായി പരിമിതപ്പെടും. സുപ്രീംകോടതി നീറ്റ് നിര്‍ബന്ധമാക്കിയതോടെ ഇക്കൊല്ലം എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഭാഗികമായി നീറ്റ് ബാധകമാക്കിയിരുന്നു. സംസ്ഥാന മെഡിക്കല്‍പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലും പ്രവേശനം നടന്നിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും സ്വകാര്യകോളജുകളിലെ മെറിറ്റ് സീറ്റുകളിലുമാണ് ഇക്കൊല്ലം സംസ്ഥാനപ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തിയത്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നായിരുന്നു. നിശ്ചിത സമയത്തിനകം പ്രവേശനം പൂര്‍ത്തിയാകാത്ത ചില കോളജുകളില്‍ പ്രവേശനത്തിന് പിന്നീട് പൂര്‍ണമായും നീറ്റ് റാങ്ക് ലിസ്റ്റ് ബാധകമാക്കിയിരുന്നു.
എന്‍ജിനീയറിങ്, അനുബന്ധ മെഡിക്കല്‍ കോഴ്സുകള്‍ എന്നിവയില്‍ പ്രവേശനം പൂര്‍ണമായും സംസ്ഥാന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടന്നത്. രാജ്യവ്യാപകമായി ഇക്കൊല്ലം എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് നീറ്റ് റാങ്ക് ലിസ്റ്റ് ബാധകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും പരീക്ഷനടപടികള്‍ പൂര്‍ത്തിയായതിനാല്‍ പിന്നീട് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം ഇളവ് നല്‍കി. ഇതനുസരിച്ചാണ് ഭാഗികമായി സംസ്ഥാനത്ത് നീറ്റ് ബാധകമാക്കിയത്.
സംസ്ഥാനത്ത് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലെ പ്രവേശനം 1982 മുതല്‍ നടന്നുവരുകയാണ്. 2013 ല്‍ മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യ പരീക്ഷ ബാധകമാക്കിയെങ്കിലും പിന്നീട് സംസ്ഥാന പ്രവേശനപരീക്ഷയത്തെന്നെ ഇരുകോഴ്സുകള്‍ക്കും ആശ്രയിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ അനുബന്ധ കോഴ്സുകളെ സംസ്ഥാന പ്രവേശനപരീക്ഷയില്‍ നിന്ന് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.