തിരുവനന്തപുരം: ചോദ്യം ചോർന്നതിനെ തുടർന്ന് മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി റദ്ദാക്കാനുള്ള തീരുമാനത്തിൽ ആശങ്കയിലും പ്രതിസന്ധിയിലുമായത് കേരളത്തിലെ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ. വർഷങ്ങൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ എഴുതിയ പരീക്ഷ വീണ്ടും എഴുതണമെന്ന സാഹചര്യം വിദ്യാർഥികളെ മാനസികമായി തകർക്കുന്നതാണ്. പൂർത്തിയായ പരീക്ഷയിൽ നടത്തിയ പ്രകടനം ഇനി നടത്തുന്ന പരീക്ഷയിൽ ആവർത്തിക്കാനാകുമോ എന്നതടക്കമുള്ള ആശങ്കകൾ ഇവർക്ക് മുന്നിലുണ്ട്.
കഴിഞ്ഞ മൂന്നിന് നടന്ന പരീക്ഷ താരതമ്യേന എളുപ്പമുള്ളതായിരുന്നു. പരീക്ഷ റദ്ദാക്കിയ എൻ.ടി.എ തീരുമാനത്തിന് പിന്നാലെ പ്രമുഖ പരിശീലന കേന്ദ്രങ്ങളെല്ലാം പരിശീലന ക്ലാസുകളും മാതൃകാ പരീക്ഷകളും പുനരാരംഭിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. മാസങ്ങളോളം വിദൂരത്തടക്കമുള്ള പരിശീലന കേന്ദ്രങ്ങളിൽ താമസിച്ചുപഠിച്ചവർ വീണ്ടും അവിടെ ചെല്ലേണ്ട സാഹചര്യമാണ്. സാമ്പത്തിക പരാധീനത നേരിടുന്നവരാണ് ഏറെ പ്രതിസന്ധിയിലാകുക.
ഈ വർഷം എത്ര വിദ്യാർഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തെന്നും പരീക്ഷ എഴുതിയെന്നും എൻ.ടി.എ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം 1,27,442 പേർ കേരളത്തിൽ നിന്ന് നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുകയും 1,21,516 പേർ പരീക്ഷ എഴുതുകയും ചെയ്തു. ഇതിൽ 73,328 പേരാണ് യോഗ്യത നേടിയത്. ഈ വർഷവും ഒന്നേകാൽ ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തെന്നാണ് അനൗദ്യോഗിക കണക്ക്. രാജ്യത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിലായി 22.79 ലക്ഷം പേരാണ് നീറ്റിന് അപേക്ഷിച്ചത്. വീണ്ടും പരീക്ഷ നടത്താൻ ഒന്നര മുതൽ രണ്ട് മാസം വരെ എടുക്കും. ജൂൺ അവസാനമോ ജൂലൈ ആദ്യമോ പരീക്ഷ നടത്താനാണ് സാധ്യത. തീയതി വൈകാതെ പ്രഖ്യാപിക്കും. 2024ൽ ചോദ്യചോർച്ചയുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളും സുരക്ഷാ സംവിധാനങ്ങളും ജലരേഖയാക്കുന്ന രീതിയിലാണ് ഇത്തവണത്തെ ചോദ്യചേർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.