നീറ്റ് പരീക്ഷ: നിബന്ധനകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നടങ്കം നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി -കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതാനുള്ള അവസരം മൂന്നു തവണയായി ചുരുക്കിയത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും.
സംസ്ഥാനതലത്തില്‍ നടത്തിയിരുന്ന മെഡിക്കല്‍/ അനുബന്ധ കോഴ്സ് പ്രവേശന പരീക്ഷകള്‍ ഇല്ലാതാക്കിയാണ് നീറ്റ് നടപ്പാക്കിയത്. സംസ്ഥാനതല പരീക്ഷ എഴുതുന്നതിന് മൂന്നു തവണ എന്ന നിബന്ധന ഇല്ലായിരുന്നു.

പല വിദ്യാര്‍ഥികളും സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്നതിന് രണ്ടോ അതില്‍ കൂടുതല്‍ തവണയോ പരീക്ഷ എഴുതിയിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ 100 റാങ്കുകളില്‍ എത്തുന്നവരില്‍ നല്ളൊരു ശതമാനവും ഒന്നില്‍ കൂടുതല്‍ തവണ എഴുതുന്നവരാണ്. കഴിഞ്ഞ വര്‍ഷം ആദ്യ100 റാങ്കുകാരില്‍ 47 പേരും രണ്ടാം തവണയും ഒമ്പതു പേര്‍ മൂന്നാം തവണയും പരീക്ഷ എഴുതിയവരാണ്. അപേക്ഷക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതും വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകും. യു.ഐ.ഡി.എ.ഐ ഡാറ്റ പുതുക്കിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ അപേക്ഷ സമര്‍പ്പിക്കാനാവൂ. സ്കൂള്‍ രേഖകളില്‍നിന്ന് വ്യത്യസ്തമായ ആധാര്‍ കാര്‍ഡാണെങ്കിലും അതുമാറ്റിയ ശേഷമേ അപേക്ഷിക്കാനാവൂ.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ അടുത്ത സമയത്ത് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകും. ആധാര്‍ കാര്‍ഡില്ലാത്ത വിദ്യാര്‍ഥികള്‍ കാര്‍ഡ് ലഭിച്ചശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ സി.ബി.എസ്.ഇ ഒരുക്കുന്ന ആധാര്‍ ഫെസിലിറ്റേഷന്‍ സെന്‍ററില്‍ പോയി അപേക്ഷ സമര്‍പ്പിക്കുകയും രജിസ്റ്റര്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണമെന്നുമാണ് മറ്റൊരു നിര്‍ദേശം.
പരീക്ഷ അടുത്ത സമയത്ത് അപേക്ഷാ സമര്‍പ്പണവും അനുബന്ധ രേഖകള്‍ തയാറാക്കാനുമുള്ള ഓട്ടത്തിനിടെ ആധാറിനു കൂടി വേണ്ടി വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടേണ്ടിവരും. മാര്‍ച്ച് ഒന്നിനകം നീറ്റ് പരീക്ഷക്കുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കുകയും ചെയ്യണം.

Tags:    
News Summary - neet exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.