ഒന്നും സംഭവിച്ചില്ല; വിചിത്രവാദവുമായി ടെസ്റ്റിങ് ഏജൻസിയും പരീക്ഷ നടത്തിപ്പുകാരും

കൊല്ലം: ആയൂർ മാർത്തോമ കോളജിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയും സർക്കാർ നടപടി ആരംഭിക്കുകയും ചെയ്തിരിക്കെ ഒന്നും സംഭവിച്ചിട്ടില്ലെന്ന വിചിത്രവാദവുമായി നാഷനൽ ടെസ്റ്റിങ് ഏജൻസിയും (എൻ.ടി.എ) പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ദുരുദ്ദേശ്യത്തോടെയാണ് ആരോപണമെന്നും അവർ പറയുന്നു.

ഇത്തരമൊരു സംഭവമുണ്ടായതായി അറവില്ലെന്നാണ് സെന്‍റർ സൂപ്രണ്ട്, സിറ്റി കോഓഡിനേറ്റർ, നിരീക്ഷകൻ എന്നിവർ അറിയിച്ചതെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടപ്പോൾതന്നെ ചുമതലയുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചിരുന്നില്ലെന്നും ഏജൻസി പറയുന്നു. കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതുപോലുള്ള സംഭവവും ഉണ്ടായിട്ടില്ലെന്നും വിദ്യാർഥിനിയുടെ രക്ഷാകർത്താവിന്‍റെ പരാതി ദുരുദ്ദേശ്യത്തോടെയാണെന്നുമാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സിറ്റി കോഓഡിനേറ്റർ എൻ.ജെ. ബാബു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

കൊല്ലത്തെ 26 സെന്‍ററുകളുടെ ചുതലയുള്ളയാളാണ് ഇദ്ദേഹം. കോളജിൽ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് സെന്‍റർ സൂപ്രണ്ട് പ്രിജി കുര്യൻ ഐസക്കിന്‍റെ റിപ്പോർട്ടിലും പറയുന്നു.അതേസമയം, ഒരു കുട്ടിയുടെ തോൾ ഭാഗത്ത് ലോഹ ബട്ടൺ കണ്ടെന്ന് സെന്‍റർ സൂപ്രണ്ട് പറഞ്ഞതായി നിരീക്ഷകൻ ഡോ.ജെ. ഷംഷാദിന്‍റെ റിപ്പോർട്ടിലുണ്ട്. വിദ്യാർഥിനിയോട് തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. കുട്ടി പരീക്ഷ ഹാളിലേക്ക് പോയതായും മറ്റു സംഭവങ്ങൾ ശ്രദ്ധയിൽപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - NEET Exam Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.