തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എം.പി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പിലടക്കം വലിയനേട്ടം ഉണ്ടായിട്ടുണ്ട്. പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. അതിന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈകമാൻഡ് തീരുമാനിച്ചുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരന് വേണ്ടി തരൂർ രംഗത്തുവന്നിരുന്നു. തന്നെ കോൺഗ്രസിന് ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്ന് നേതൃത്വത്തെ വെല്ലുവിളിച്ച തരൂർ അയഞ്ഞിട്ടില്ല എന്നതിന്റെ സൂചനയാണിത്. നേരത്തേ, പിണറായി സർക്കാറിനെയും നരേന്ദ്ര മോദിയെും പുകഴ്ത്തിയ തരൂരിനെതിരെ മറ്റ് കോൺഗ്രസ് നേതാക്കളെല്ലാം രംഗത്തുവന്നപ്പോൾ കെ. സുധാകരന്റെ പ്രതികരണം മയപ്പെട്ടതായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഒരു പുരസ്കാരദാന ചടങ്ങിൽ സംസാരിച്ച തരൂർ നേതൃത്വത്തിനെതിരെ മുനവെച്ച പദപ്രയോഗങ്ങളും നടത്തി. ‘ഭൂരിപക്ഷമല്ല എപ്പോഴും ശരി. താൻ ഒറ്റക്കാണ് നടക്കുന്നത്. ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യം’ -ശശി തരൂർ പറഞ്ഞു. വിവാദ അഭിമുഖത്തിൽ താൻ പറഞ്ഞത് മുഴുവൻ കേൾക്കണമെന്നും 15 ദിവസം കൊണ്ട് നിലപാടിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.