എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് യുവ വോട്ടർമാർക്കൊപ്പം
കോഴിക്കോട്: നഗരം ഉൾപ്പെടുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ തീപാറും പ്രചാരണം. എൽ.ഡി.എഫിനും യു.ഡി.എഫിനും അടിത്തറയുള്ള മണ്ഡലത്തിൽ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും വിവിധ തരം കാമ്പയിനുമായി മുന്നോട്ടുപോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോര്‍പറേഷനിലുണ്ടായ മുന്നേറ്റം നൽകുന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ പ്രചാരണം കൊഴുപ്പിക്കുന്നത്.
വീടു കയറി വോട്ട് ചോദിക്കൽ, പരമാവധി വോട്ടർമാരെ നേരിട്ട് കാണൽ, മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിക്കൽ, വി.ഐ.പികളെ പര്യടനത്തിന് എത്തിക്കൽ എന്നിവയെല്ലാം തകൃതിയായി നടക്കുന്നു. വ്യക്തികളെ വിലയിരുത്തി വോട്ട് പെട്ടിയിലാക്കുന്ന മണ്ഡലം കൂടിയാണിത്. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം മുന്നണികളുടെ പ്രചാരണം അലയടിക്കുന്നുണ്ട്. 2001ൽ കോൺഗ്രസിലെ എ.സുജനപാൽ ജയിച്ചതിൽ പിന്നെ എൽ.ഡി.എഫ് മാത്രമാണിവിടെ ജയിച്ചത്.
സിറ്റിങ് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ വിജയത്തുടർച്ചക്കായുള്ള പരിശ്രമത്തിലാണ്. മേയർ പദവിയിൽനിന്ന് 2021ലാണ് അദ്ദേഹം മണ്ഡലത്തിൽനിന്ന് ജനപ്രതിനിധിയാകുന്നത്. 12,928 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അഞ്ച് വർഷം നഗര വളർച്ചക്കായി ചെയ്തതെല്ലാം പറഞ്ഞാണ് വോട്ടർമാരെ കാണുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്, തീരദേശ മേഖലകളിലെ വെള്ളക്കെട്ട് പരിഹരിച്ച 13.5 കോടിയുടെ ജലാശയ നവീകരണങ്ങൾ, സ്കൂളുകൾ കെട്ടിട നവീകരണം, 97 കോടി രൂപയുടെ ബീച്ച് ഗവ. ആശുപത്രി നവീകരണ പദ്ധതി, മെഡിക്കൽ കോളജ് വികസനത്തിന് 4.5 കോടി, വെള്ളയിൽ മത്സ്യഭവൻ നിർമാണം എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് നഗരത്തില്‍ വ്യാപക സൗഹൃദവലയമുള്ള പൊതുപ്രവര്‍ത്തകനായ അഡ്വ. കെ. ജയന്തിലൂടെ മണ്ഡലം തങ്ങൾക്ക് അനുകൂലമാക്കാനുള്ള തീവ്രശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരനായും അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയായും സംഘടനാ പാടവമുള്ള ജയന്ത്, ദീര്‍ഘകാലമായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ പൂർണ വിശ്വാസമർപ്പിച്ചിരിക്കുകയാണ് മുന്നണി.
മണ്ഡലത്തിൽ ബി.ജെ.പി അവഗണിക്കാനാകാത്ത ശക്തിയാണ്. കോര്‍പറേഷനില്‍ ബി.ജെ.പിക്കുള്ള 13 സീറ്റുകളില്‍ ഏഴെണ്ണവും നോര്‍ത്തില്‍ നിന്നാണ് ലഭിച്ചത്. ഇത് ബി.ജെ.പിയുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അതിനാലാണ് തുടര്‍ച്ചയായി മൂന്ന് തവണ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി മണ്ഡലത്തിൽ സുപരിചിതയായ നവ്യ ഹരിദാസിനെ എൻ.ഡി.എ രംഗത്തിറക്കിയത്. വോട്ട് വര്‍ധിപ്പിക്കലല്ല, ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് നവ്യ പറയുന്നു. ഇരുമുന്നണികൾക്കുമൊപ്പം പ്രചാരണ രംഗത്ത് സജീവമാണ് എൻ.ഡി.എ. റോഡ് ഷോ കളിലൂടെയും വോട്ടര്‍മാരെ കണ്ടുമായിരുന്നു നവ്യയുടെ ആദ്യഘട്ട പ്രചരണം.
രണ്ടുതവണ കോഴിക്കോട് കോർപറേഷൻ മേയർ, 2007 മുതൽ 2011 വരെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ. കാലിക്കറ്റ് നോർത്ത് സഹകരണ ബാങ്ക് ഡയറക്ടർ, താജ് ടെക്സറ്റയിൽസ് ഇൻഡസ്ട്രിയൽ കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് . ഭാര്യ: വത്സല (റിട്ട. അധ്യാപിക). മക്കൾ: വിഷ്ണു, ലക്ഷ്മി. ബിലാത്തികുളം രവീസ് ആണ് വീട്.
കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടക്കം. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായി. 2001 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്. 2005 മുതല്‍ കെ.പി.സി.സി അംഗം. ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലെത്തി. 2022 മുതല്‍ എ.ഐ.സി.സി അംഗം. താമസം തിരുവണ്ണൂര്‍. ഭാര്യ ആര്യ ജയന്ത് (സെക്ഷന്‍ ഓഫീസർ, കാലിക്കറ്റ് സര്‍വകലാശാല). മക്കൾ: വിഷ്ണുവര്ധന്, രാജ്വർധൻ.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ. 2015 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിർ. ബിടെക് ബിരുദം. സോഫ്റ്റ്വെയര് എന്‍ജിനീയര്‍ സ്ഥാനം രാജിവെച്ച് പൊതുപ്രവര്‍ത്തന രംഗത്ത്. ബി.ജെ.പി ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നോര്‍ത്തിലും വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെയും മത്സരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.