കൊച്ചി: യു.ഡി.എഫിന്റെ കോട്ടയായ തൃക്കാക്കരയിൽ ഇത്തവണ വിജയം ഉറപ്പാണെന്ന് ആവർത്തിച്ച് എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാർ. പോളിങ് ശതമാനം ചൂണ്ടിക്കാട്ടിയാണ് അഖിൽ മാരാരിന്റെ അവകാശവാദം. യു.ഡി.എഫിന്റെ കോട്ടയാണ് തൃക്കാക്കര. അവിടെ ഭരണവിരുദ്ധ വികാരത്തിന്റെ പേരിൽ വോട്ട് ശതമാനം വർധിക്കേണ്ട സാഹചര്യമില്ല. ഉമ തോമസിന് 25,000 ഭൂരിപക്ഷം കിട്ടിയപ്പോൾ 68 ശതമാനമായിരുന്നു പോളിങ്. ബി.ജെ.പി 12500 വോട്ടുകൾ നേടി. 2016ൽ 73 ശതമാനം പോളിങ് ഉണ്ടായിരുന്നപ്പോൾ ബി.ജെ.പിക്ക് 22,000 വോട്ടുകൾ കിട്ടിയിരുന്നു. പോളിങ് കൂടിയപ്പോൾ ബി.ജെ.പിയുടെ വോട്ടുകൾ കൂടിയെന്നും അഖിൽ മാരാർ പറയുന്നു.
എസ്.ഐ.ആർ പ്രകാരം കഴിഞ്ഞ തവണത്തെ വോട്ടർ പട്ടികയിൽനിന്ന് 20,000 ത്തോളം വോട്ടർമാരെ നീക്കി. ഈ 20,000ത്തിൽ 5000 വോട്ടർമാരും ഉമ തോമസിന് വോട്ടു ചെയ്തവരാകാനാണ് സാധ്യത. ആ വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെടുമെന്നുമാണ് അഖിൽ മാരാരിന്റെ വിലയിരുത്തൽ. 10,000ത്തോളം പുതിയ വോട്ടർമാരെ മണ്ഡലത്തിൽചേർത്തു. ഇതിൽ കന്നി വോട്ടർമാർ ഉമ തോമസിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വന്തം ഇഷ്ട പ്രകാരമാകില്ലെന്നും അഖിൽ മാരാർ പറയുന്നു. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമോ അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധം മൂലമോ ആയിരിക്കും കന്നിവോട്ടർമാർ ഉമ തോമസിന് വോട്ട് ചെയ്തിട്ടുണ്ടാകുയെന്ന ആരോപണവും അഖിൽ മാരാർ ഉന്നയിച്ചു. പുതുതലമുറയിൽപ്പെട്ട എല്ലാവരും തനിക്കാണ് വോട്ട് ചെയ്തിരിക്കുന്നതെന്നും അഖിൽ മാരാർ ഫേസ്ബുക് പോസ്റ്റിൽ ഉറപ്പിച്ച് പറയുന്നു.
അമ്മമാരുടെ, സ്ത്രീകളുടെ നല്ലൊരു ശതമാനം വോട്ടും തനിക്ക് അനുകൂല ഘടകമായി മാറിയിട്ടുണ്ടെന്ന് അഖിൽ മാരാർ പറയുന്നു. എം.എൽ.എ വിരുദ്ധവികാരം തനിക്ക് അനുകൂലമായി മാറി. നിഷ്പക്ഷ ജനത തനിക്കൊപ്പം നിന്നു. അതിനേക്കാളുപരി നല്ലൊരു ശതമാനം ബി.ജെ.പി അനുഭാവികളും ഇത്തവണ വോട്ട് രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ ബി.ജെ.പി വോട്ടുകൾ മാത്രം 25,000ത്തിന് മുകളിൽ തനിക്ക് ലഭിക്കും. ട്വന്റി 20യുടെ വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ഇത്തവണ തൃക്കാക്കരയിൽ ചരിത്രം സൃഷ്ടിക്കപ്പെടും. 10ശതമാനത്തിന്റെ പോളിങ് വർധനവ് മാത്രമല്ല വോട്ടിന്റെ വർധനവും ഉണ്ടായ മണ്ഡലമാണ് തൃക്കാക്കര. ഇത് പിണറായി വിജയനെ താഴെ ഇറക്കാൻ അല്ല എന്നെ സാമാന്യ ബോധമുള്ളവർക്ക് വിലയിരുത്താൻ കഴിയുമെന്നും അഖിൽ മാരാർ പറയുന്നു.
ഇവിടെ പിണറായി വിരുദ്ധ വോട്ടുകൾ, എം.എൽ.എ വിരുദ്ധ വോട്ടുകൾ, നിഷ്പക്ഷ സമൂഹം, മാറ്റം കൊതിക്കുന്ന രാഷ്ട്രീയ അനുഭാവികൾ, യുവതി യുവാക്കൾ ഇവരൊക്കെ എൻ.ഡി.എക്കൊപ്പം നിന്നതിന്റെ ഫലമായിരിക്കും മേയ് നാലിന് വരികയെന്നും അഖിൽ മാരാർ പറയുന്നു. ഇനി ഫലം മറ്റൊന്നായാൽ അതിനുള്ള കാരണം, എല്ലാവരും പറയുന്നത് പോലെ സംഘടിതമായി ഒരു മുന്നണിക്ക് വോട്ട് നൽകാൻ മുസ്ലിം സമൂഹം തീരുമാനിച്ചാൽ അതിന്റെ അനുകൂല്യം കോൺഗ്രസിന് ലഭിച്ചാൽ ഉമ തോമസ് രക്ഷപെട്ടേക്കുമെന്നും കമ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ടെങ്കിൽ ഉമ തോമസ് മൂന്നാമത് പോയാലും അത്ഭുതപെടാനില്ലെന്നും അഖിൽ മാരാർ പറയുന്നു. വെല്ലുവിളികളല്ല, വിലയിരുത്താൻ മാത്രമെന്ന അടിക്കുറിപ്പോടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചക്കയുടെ ചിത്രവും പങ്കുവെച്ചാണ് അഖിൽ മാരാറിന്റെ പോസ്റ്റ്.
അഖിൽ മാരാറിന്റെ പോസ്റ്റ് വായിക്കാം...
തൃക്കാക്കര യുഡിഫ് കോട്ടയാണ്.. കോട്ടയിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പേരിൽ
വോട്ട് ശതമാനം വർധിക്കേണ്ട സാഹചര്യമില്ല..
25000 ഭൂരിപക്ഷം ഉമ തോമസിന് കിട്ടിയപ്പോൾ 68% ആയിരുന്നു പോളിംഗ്..
ബിജെപിക്ക് 12500 വോട്ടുകൾ.
2016യിൽ 73% പോളിംഗ് ഉണ്ടായിരുന്നപ്പോൾ ബിജെപി ക്ക് 22000 വോട്ടുകൾ കിട്ടിയിരുന്നു..
അതായത് പോളിംഗ് കൂടിയപ്പോൾ ബിജെപി വോട്ടുകൾ കൂടി.. ഇത്തവണ SIR പ്രകാരം കഴിഞ തവണത്തെ വോട്ടർ പട്ടികയിൽ നിന്നും ഏതാണ്ട് 20000ത്തോളം വോട്ടർമാരെ നീക്കി..
ഈ 20000 ത്തിൽ 5000 വോട്ടർമാരും ഉമ തോമസിന് വോട്ട് ചെയ്തവർ ആവാൻ ആണ് സാധ്യത.. ആ വോട്ടുകൾ കോൺഗ്രസ്സിന് നഷ്ട്ടപെട്ടിട്ടുണ്ട്..
കൂടാതെ പുതുതായി 10000 ത്തോളം വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്..
ഇതിൽ കന്നി വോട്ടർമാർ ഉമ തോമസിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്‌ലവും അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധവും..
അല്ലാതെ ഉള്ള പുതുതലമുറ എനിക്ക് തന്നെയാണ് വോട്ട് ചെയ്തേക്കുന്നത്..
ഇനി എന്താണ് എനിക്കുള്ള അനുകൂല ഘടകം
അമ്മമാരുടെ, സ്ത്രീകളുടെ നല്ലൊരു ശതമാനം വോട്ടും ഇത്തവണ എനിക്ക് അനുകൂലമായി മാറിയിട്ടുണ്ട്..
MLA വിരുദ്ധ വികാരം എനിക്ക് അനുകൂലമായി മാറിയിട്ടുണ്ട്..
നിക്പക്ഷ ജനത എനിക്കോപ്പം നിന്നിട്ടുണ്ട്..
അതിനേക്കാൾ ഉപരി നല്ലൊരു ശതമാനം ബിജെപി അനുഭാവികളും ഇത്തവണ വോട്ട് രെക്കപ്പെടുത്തി അത് കൊണ്ട് തന്നെ ബിജെപി വോട്ടുകൾ മാത്രം 25000 ത്തിന് മുകളിൽ എനിക്ക് ലഭിക്കും..
20/20 യുടെ വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ഇത്തവണ തൃക്കാക്കരയിൽ ചരിത്രം സൃഷ്ടിക്കപെടും..
10% ത്തിന്റെ പോളിംഗ് വർദ്ധനവ് മാത്രമല്ല വോട്ടിന്റെ വർദ്ധനവും ഉണ്ടായ മണ്ഡലമാണ് തൃക്കാക്കര..
ഇത് പിണറായി വിജയനെ താഴെ ഇറക്കാൻ അല്ല എന്നെ സാമാന്യ ബോധമുള്ളവർക്ക് വിലയിരുത്താൻ കഴിയും..
ഇവിടെ പിണറായി വിരുദ്ധ വോട്ടുകൾ
MLA വിരുദ്ധ വോട്ടുകൾ
നിക്പക്ഷ സമൂഹം
മാറ്റം കൊതിക്കുന്ന രാഷ്ട്രീയ അനുഭാവികൾ
യുവതി യുവാക്കൾ ഇവരൊക്കെ NDA യുടെ ഒപ്പം നിന്നതിന്റെ ഫലമായിരിക്കും മെയ് 4..
ഇനി റിസൾട്ട് മറ്റൊന്നായാൽ അതിനുള്ള കാരണം എല്ലാവരും പറയുന്നത് പോലെ സംഘടിതമായി ഒരു മുന്നണിക്ക് വോട്ട് നൽകാൻ മുസ്ലിം സമൂഹം തീരുമാനിച്ചാൽ അതിന്റെ അനുകൂല്യം കോൺഗ്രസിന് ലഭിച്ചാൽ
ഉമ തോമസ് രക്ഷപെട്ടേക്കും..
കമ്മ്യൂണിസ്റ് പാർട്ടി തങ്ങളുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ടെങ്കിൽ ഉമ തോമസ് മൂന്നാമത് പോയാലും അത്ഭുതപെടാനില്ല..
വോട്ട് നൽകിയ എല്ലാവർക്കും ഒരായിരം നന്ദി ❤️
NB :വെല്ലുവിളികൾ അല്ല വിലയിരുത്തൽ മാത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.