ആലപ്പുഴ: കേരളത്തിലെ എൻ.സി.പിയിലെ ഒരു വിഭാഗം പിളർന്നു. റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ലയിക്കും. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ എൻ.സി.പി വിട്ടതായി സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായിരുന്നു റെജി ചെറിയാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയിൽ നടത്തും. ഉപാധികളില്ലാതെ യു.ഡി.എഫിൽ എത്തുന്നതിന് ജോസഫ് വിഭാഗവുമായി ചർച്ച നടത്തി. സംസ്ഥാന നേതൃത്വത്തിന്റേതടക്കം പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചാണിത്.
കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് എൻ.സി.പിയിൽ ഏത് വിഭാഗത്തിനൊപ്പമാണെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല. കേരളത്തിൽ ഒരു മന്ത്രിയെക്കൊണ്ടുതന്നെ പൊറുതിമുട്ടിയിരിക്കുകയാണ്.
എൻ.സി.പി പലരുടെയും സ്വന്തം പാർട്ടിയായി മാറി. പാർട്ടിക്ക് പുറത്തുള്ളവർക്കാണ് പി.സി. ചാക്കോ സ്ഥാനങ്ങൾ കൊടുത്തിട്ടുള്ളത്. കുട്ടനാട് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആര് എന്നത് പാർട്ടി അപ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിൽ ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റാണ് കുട്ടനാട്. തോമസ് കെ. തോമസുമായുള്ള തർക്കത്തിൽ ചാക്കോക്കൊപ്പം ഉറച്ചുനിന്നയാളാണ് റെജി ചെറിയാൻ.
വാർത്തസമ്മേളനത്തിൽ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ജോബിൻ പെരുമാൾ, ജില്ല സെക്രട്ടറി സുനിൽ ജോസഫ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആലീസ് ജോഷി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.