കൂട്ടത്തിലുള്ളവരെ വർഗവഞ്ചകർ എന്ന് വിളിച്ചത് ഇ.എം.എസ്; 'ചിന്ത'യെ തിരിഞ്ഞുകൊത്തി നവയുഗം

സി.പി.എം പ്രസിദ്ധീകരണമായ 'ചിന്ത' വാരികയിൽ സി.പി.ഐക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി നവയുഗം. തിരിഞ്ഞു കൊത്തുന്ന നുണകൾ' എന്ന തലക്കെട്ടിലാണ് വിമർശനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിന്തയിലെ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഹിമാലയൻ വിഡ്ഢിത്തങ്ങളാണെന്ന് നവയുഗം പറയുന്നു.

ശരിയും തെറ്റും അംഗീകരിക്കാൻ സി.പി.എമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെറ്റ് തുറന്നു പറയാതെ പഴയ തെറ്റുകളെ ന്യായീകരിക്കുന്നുവെന്നും ലേഖനം പറയുന്നു. പിളർപ്പിന് ശേഷം ഇ.എം.എസ് സ്വീകരിച്ച നിലപാടുകൾക്കെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. നക്‌സൽബാരി പ്രസ്ഥാനം ഉടലെടുത്തതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനാണ്. ഇക്കാര്യത്തിൽ സി.പി.എം സ്വയംവിമർശനം നടത്തണം.

യുവാക്കൾക്ക് സായുധ വിപ്ലവ മോഹം നൽകിയത് സി.പി.എമ്മാണ്. ഇന്ത്യ-ചൈന യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ജയിലിലാക്കി എന്ന വാദം തെറ്റാണ്. അറസ്റ്റിലായവരിൽ ജെ. ചിത്തരഞ്ജനും ഉണ്ണി രാജയും അടക്കം കേരളത്തിലെ 18 സി.പി.ഐ നേതാക്കളും ഉണ്ടായിരുന്നു. ഇവരെ ആരാണ് ജയിലിലടച്ചതെന്നും ലേഖനം ചോദിച്ചു. കൂട്ടത്തിൽ ഉള്ളവരെ വർഗവഞ്ചകർ എന്ന് വിളിച്ചത് ഇ.എം.എസ് ആണ്.

കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സി.പി.ഐ എന്നാണ് ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞത്. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐ എന്നും ചിന്ത വാരികയിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഇതിന് നവയുഗം മറുപടി പറഞ്ഞോളും എന്ന് കഴിഞ്ഞ ദിവസം സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. 

Tags:    
News Summary - navayugam daily reply to chintha weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.