തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിടുന്ന ഇടതുസർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് ജനഹിതം മനസിലാക്കാൻ നവകേരള ക്ഷേമ സർവേക്കുള്ള ഒരുക്കത്തിൽ. സാക്ഷരതാ സര്‍വേ മാതൃകയിൽ കോളജ് വിദ്യാർഥികളെ രംഗത്തിറക്കിയുളള വിവര ശേഖരണത്തിൽ ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ 80 ലക്ഷം വീടുകളാണ്. സർവേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിർവഹിക്കും.
സർക്കാറിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായ ശേഖരണവും നിർദേശങ്ങൾ തേടലുമെല്ലാം സർവേയുടെ ഭാഗമായിരിക്കും. ഇതുവഴി ജനങ്ങളോട് നേരിട്ട് സംവദിക്കാനും നിർദേശങ്ങൾ അറിയാനും സര്‍ക്കാര്‍ പദ്ധതികൾ ബോധ്യപ്പെടുത്താനും കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു. സിറ്റിസൺ കണക്ട് സെന്‍റർ എന്ന പേരിൽ സമീപകാലത്ത് തുടങ്ങിയ ‘സി.എം വിത്ത് മി’ പദ്ധതിക്ക് പുറമെയാണ് സർവേ.
സർവേ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം വിശദമായ മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലന പരിപാടികളും ഒരുക്കും. സര്‍ക്കാര്‍ പദ്ധതി എന്ന നിലയിൽ തന്നെയാണ് ക്ഷേമ സർവേയുടെ നടത്തിപ്പ്.
പദ്ധതി നടത്തിപ്പിന് വരുന്ന ചെലവ് ഏത് വകയിൽ ഉൾക്കൊള്ളിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സർവേയിലൂടെ വ്യക്തമാകുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇടതുമുന്നണി അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ഉൾപ്പെടെയുള്ളവ തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.