?????????????? ???????

നാട്ടകം പോളിയില്‍ റാഗിങ്; ദലിത് വിദ്യാര്‍ഥിയുടെ വൃക്ക തകര്‍ന്നു

തൃശൂര്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ ദലിത് വിദ്യാര്‍ഥിയുടെ വൃക്ക തകരാറിലായി. കോട്ടയം നാട്ടകം പോളിയിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ളോമ വിദ്യാര്‍ഥി ഇരിങ്ങാലക്കുട സ്വദേശി ഊടന്‍വീട്ടില്‍ ശിവദാസന്‍െറ മകന്‍ അവിനാശാണ് (17) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍  ഡയാലിസിസിന് വിധേയനായി കഴിയുന്നത്. മദ്യത്തില്‍ കലര്‍ന്ന വിഷമാണ് വൃക്ക തകരാറിലാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പോളി ഹോസ്റ്റലില്‍ സെപ്റ്റംബര്‍ മുതലാണ് റാഗിങ് നടന്നത്.  ഭാവി ഓര്‍ത്തും ഭീഷണി ഭയന്നും പരാതി നല്‍കിയില്ല. കഴിഞ്ഞ രണ്ടിനാണ് ക്രൂര റാഗിങ് ഉണ്ടായത്. രാത്രി  മറ്റൊരു മുറിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയാണ് റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നഗ്നരാക്കി അമ്പത് പുഷ്അപ്, ഫ്രണ്ട്റോള്‍, ബാക്ക്റോള്‍, സിറ്റ്അപ്, മുറിയില്‍ ഇഴയല്‍ തുടങ്ങി ക്രൂരപീഡനം നടത്തി. മദ്യത്തില്‍ ഏതോ പൊടിയിട്ട് അമിത അളവില്‍ കുടിപ്പിക്കുകയും വെളുക്കുവോളം പാട്ട് പാടിപ്പിക്കുകയും ഡാന്‍സ് ചെയ്യിപ്പിക്കുകയും ചെയ്തുവത്രേ. പലതവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടര്‍ന്നു.

രാവിലെ പറഞ്ഞയക്കുമ്പോള്‍ നടന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  അവശതയിലായ അവിനാശ് വീട്ടിലേക്ക് മടങ്ങി. ഇരിങ്ങാലക്കുടയില്‍ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയെങ്കിലും അന്ന് രാത്രി മൂത്രത്തില്‍ രക്തത്തിന്‍െറ അംശം കണ്ടതിനാല്‍ സ്വകാര്യ ക്ളിനിക്കില്‍ പരിശോധിച്ചു. അവിടെ നിന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ കോളജ് അധികാരികളോ ഹോസ്റ്റല്‍ വാര്‍ഡനോ നടപടി എടുക്കുന്നില്ളെന്നും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കോട്ടയം എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, റെയ്സണ്‍, ജെറിന്‍,ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, നിധിന്‍, കണ്ടാലറിയാവുന്ന മറ്റൊരു വിദ്യാര്‍ഥി എന്നിവര്‍ക്കെതിരെയാണ് പരാതി.

വാര്‍ഡന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. പ്രതികള്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരവും പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുക്കണമെന്നും പരാതിയിലുണ്ട്. അതേസമയം റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയെന്നും അവരെ സസ്പെന്‍ഡ് ചെയ്തുവെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

Tags:    
News Summary - nattakam college ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.