കെ.എം. ലിനേഷ്, എബി എബ്രാഹാം തോമസ് എന്നിവർ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസസ് ചെയർമാൻ ഡോ. ജി.വി.കെ. റെഡ്ഡിയിൽനിന്ന്
‘നാഷനൽ സേവ്യർ’ പുരസ്കാരം ഏറ്റുവാങ്ങുന്നു
അഗളി: 108 ആംബുലൻസ് സർവിസിൽ മികച്ച സേവനം നടത്തുന്നവർക്ക് ഏർപ്പെടുത്തിയ ‘നാഷനൽ സേവ്യർ’ ബഹുമതി ആദ്യമായി കേരളത്തിലേക്ക്. 2024ലെ മികച്ച പ്രവർത്തനം പരിഗണിച്ച് പാലക്കാട് അട്ടപ്പാടിയിൽ 108 ആംബുലൻസ് സർവിസ് നടത്തുന്ന പൈലറ്റ് കെ.എം. ലിനേഷ്, മെഡിക്കൽ ടെക്നീഷ്യൻ എബി എബ്രാഹാം തോമസ് എന്നിവർക്കാണ് ബഹുമതി ലഭിച്ചത്.
ഒരു കേസ് റിപ്പോർട്ട് ചെയ്തശേഷം അപകടസ്ഥലത്ത് എത്താനെടുക്കുന്ന സമയം, രോഗിക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പരിഗണന തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് ‘നാഷനൽ സേവ്യർ’ ബഹുമതി നൽകുന്നത്.
2024 ഒക്ടോബർ 13ന് ലിനേഷും എബിയും ചേർന്ന് നടത്തിയ ഇടപെടലാണ് ഇരുവരെയും ബഹുമതിക്ക് അർഹരാക്കിയത്. ഷോളയൂർ വീട്ടിക്കുണ്ട് വനഭാഗത്ത് കള്ളക്കര സ്വദേശി വെള്ളിങ്കിരിക്ക് (37) കാട്ടുപോത്തിന്റെ ആക്രമണമേറ്റിരുന്നു. തുടയെല്ല് കാണുന്നവിധം വെള്ളിങ്കിരിയുടെ ഇടതു കാലിലെ മാംസം കാട്ടുപ്പോത്തിന്റെ ആക്രമണത്തിൽ പിളർന്നിരുന്നു.
കേസ് തങ്ങൾക്ക് ലഭിച്ചയുടൻ ഓഫ് റോഡ് ഭാഗമുൾപ്പെടെ താണ്ടി ആറു കിലോമീറ്റർ ആറു മിനിറ്റുകൊണ്ടാണ് ലിനേഷ് വാഹനമെത്തിച്ചത്. വണ്ടിയിലുണ്ടായിരുന്ന മെഡിക്കൽ ടെക്നീഷ്യൻ എബി പരിചരണം അതിവേഗം നൽകി വെള്ളിങ്കിരിയെ ആശുപത്രിയിലേക്കു മാറ്റി. വെള്ളിങ്കിരി ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്.
മേയ് ഒന്നിന് ഹൈദരാബാദ് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസസ് ചെയർമാൻ ഡോ. ജി.വി.കെ. റെഡ്ഡി ഇരുവർക്കും പുരസ്കാരം കൈമാറി.
ആലപ്പുഴ സ്വദേശിയായ എബിയുടെ ഭാര്യ ജൂലി തോമസ് ആണ്. ഏദൻ, ആദം എന്നിവരാണ് മക്കൾ. അട്ടപ്പാടി സ്വദേശിയായ ലിനേഷിന്റെ ഭാര്യ സി.എം. മഞ്ജുവാണ്. അഭിനവ്, അഭിയ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.