തിരുവനന്തപുരം: സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ റീൽസ് തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സമൂഹമാധ്യമം ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനമുണ്ടായാലും അത് തുടരുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ദേശീയപാത പ്രവൃത്തിയുടെ ഉത്തരവാദിത്തം നാഷനൽ ഹൈവേ അതോറിറ്റിക്കാണ്. അതിന്‍റെ ഗുണനിലവാരം പരിശോധിക്കേണ്ടതും അവരാണ്. സംസ്ഥാനം 1190 ഹെക്ടർ ഭൂമി ഏറ്റെടുത്ത് നൽകി. കേന്ദ്രത്തിന്റെ ഔദാര്യമല്ല, സംസ്ഥാനത്തിന്റ നികുതിപ്പണം കൂടിയാണ് റോഡിനുവേണ്ടി ചെലവഴിച്ചത്. സംസ്ഥാന സർക്കാറിന് കാലണ മുതൽമുടക്കില്ലെന്ന നിലയിൽ പ്രചാരണം നടക്കുന്നു. ഇത് തെറ്റാണ്. 5560 കോടി രൂപയാണ് കേരളം ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളികളുടെ സ്വപ്ന പദ്ധതിയായ ഈ ദേശീയപാതയുടെ അവസാന ഘട്ടത്തിൽ നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് ദൗർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നതെന്നും
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കെടുകാര്യസ്ഥതയും തമ്മിലടിയും കാരണം ഉപേക്ഷിക്കപ്പെട്ട പദ്ധതി എൽ.ഡി.എഫ് സർക്കാർ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. പദ്ധതി തിരിച്ചുകൊണ്ടുവരും എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക കൊണ്ടുവന്നപ്പോൾ പരിഹസിച്ചവർ ഏറെയുണ്ടായിരുന്നെന്നും എന്നാൽ, സാധ്യമാകുന്ന കാര്യങ്ങൾ പറയുകയും പറയുന്നത് നടപ്പിലാക്കുകയും ചെയ്യുന്ന മുന്നണിയാണ് എൽ.ഡി.എഫ് എന്ന് അവർ മറന്നുപോയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തെ അഭിനന്ദിച്ച് ഒരക്ഷരം പറയേണ്ട, പക്ഷേ യു.ഡി.എഫും ബി.ജെ.പിയും വിമർശിക്കുകയാണ് ചെയ്തത്. ദേശീയ പാത വികസനത്തിൽ കേരള സർക്കാറിന്റെ റോളെന്ത് എന്ന് ചോദിച്ചവരുണ്ട്. അവർക്കുള്ള മറുപടി നേരത്തെ തന്നെ നൽകിയതാണ്. ഇത് മനസിലാകാത്തത് രാഷ്ട്രീയ താൽപര്യമാണ്. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനൊരു പാത ഇവിടെ വരില്ലായിരുന്നു എന്നും മന്ത്രി റിയാസ് പറഞ്ഞു. ഈ സംഭവങ്ങൾ വെച്ച് ഈ പദ്ധതി മുടക്കി കളയാമെന്നാണ് യു.ഡി.എഫ് കരുതുന്നതെങ്കിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നേ പറയാനുള്ളൂവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.