ദേശീയപാത വികസനം യാഥാർഥ്യമായത് ഇടതുസർക്കാറിന്റെ ഇച്ഛാശക്തി കൊണ്ട് -പിണറായി വിജയൻ​

കൊച്ചി: ദേശീയപാത വികസനം യാർഥ്യമായത് ഇടതുസർക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനും എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞു. യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ​ലൈൻ യാഥാർഥ്യമാക്കാനും സംസ്ഥാന സർക്കാറിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച സംസ്ഥാന സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരത്ത് വാർഷികാഘോഷ റാലി നടത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. സമത്വവും നീതിയും മാനവികതയും ഉറപ്പിക്കാനായി. കേന്ദ്രം അർഹമായ സഹായം തടഞ്ഞുവെക്കുകയാണ് ചെയ്യുന്നത്. കേരളം പ്രതിസന്ധികളെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കോവിഡ് പ്രതിസന്ധികളെയും സാമ്പത്തിക രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. മാറ്റങ്ങള്‍ പ്രകടമാണ്. അത് നാട്ടിലെ ജനങ്ങള്‍ അവരവരുടെ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. വിഴിഞ്ഞത്ത് തറക്കല്ലിട്ടത് യു.ഡി.എഫാണെങ്കിലും 100 ശതമാനം പണിയും പൂർത്തീകരിച്ച് തുറമുഖം യാഥാർഥ്യമാക്കിയത് എൽ.ഡി.എഫാണ്.

ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനായി. 2016 മുതല്‍ ഇതുവരെ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിനിയമനം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 4,51,631 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കാനായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 4,00,956 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. 2,23,945 പട്ടയങ്ങള്‍ 2021ന് ശേഷം വിതരണം ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികളെല്ലാം മറികടന്ന് കേരളം കുതിക്കുകയാണ്. നീതി ആയോഗിന്റെ ദേശീയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിൽ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികൾ പ്രകാരം രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം, 2021 ലെ പബ്ലിക് അഫയേർസ് ഇൻഡെക്സിൽ ഒന്നാം സ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പുരസ്കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്സ് സർവേയിൽ ഒന്നാം സ്ഥാനം തുടങ്ങി അനേകം നേട്ടങ്ങൾ കേരളം സ്വന്തമാക്കി.

രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവ്വകലാശാല, രാജ്യത്തെ ആദ്യ ഗ്രഫീൻ സെന്റർ, രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്, രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ഇതെല്ലാം നമ്മുടെ കേരളം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കുള്ളിൽ കൈവരിച്ച നേട്ടങ്ങളാണ്. സമ്പൂർണ ഭവന വൈദ്യുതീകരണം നടത്തിയ, ഇന്റർനെറ്റ് സൗകര്യം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനവും നമ്മുടേത് തന്നെയാണ്.

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് ഡിജിറ്റൽ പ്ലാറ്റിനം എെക്കൺ അവാർഡ്, മികച്ച കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഇന്ത്യാ ടുഡേയുടെ ഹെൽത്ത്ഗിരി അവാർഡ്, ന്യൂയോർക്ക് ടൈംസിന്റെ 2023ലെ പട്ടികയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം ഡെസ്റ്റിനേഷൻ, മികച്ച വാർദ്ധക്യ പരിചരണത്തിന് 2021 ലെ വയോശ്രേഷ്ഠതാ സമ്മാൻ, ഗ്ലോബൽ സ്റ്റാർട്ട് അപ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലെന്റിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം, അഴിമതിരഹിത സേവനമികവിന് ഇന്ത്യ സ്മാർട്ട് പോലീസിങ് സർവ്വേ 2021ൽ കേരള പോലീസിന് അംഗീകാരം തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി.

സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂർണ്ണവുമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ നവകേരളം യാഥാർത്ഥ്യമാക്കാൻ കേരള ജനതയാകെ സർക്കാരിനൊപ്പമുണ്ട്. അടിയുറച്ച പിന്തുണയാണ് ജനങ്ങൾ സർക്കാരിനു ഓരോ ഘട്ടത്തിലും നൽകി വരുന്നത്. പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദ്ദേശങ്ങൾ പകർന്നും അവർ കൂടെയുണ്ട്. അതു നൽകുന്ന കരുത്താണ് ഈ നേട്ടങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാരിനു പ്രചോദനവും ഊർജ്ജവും പകർന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാർഷികാഘോഷങ്ങൾ അതിനു സഹായകമാകട്ടെ. ഇതൊരു ചരിത്രമുഹൂർത്തമാണ്. കേരളത്തിന് ആവശ്യമായതെന്തോ, കേരള ജനത ആഗ്രഹിക്കുന്നതെന്തോ, അത് മികച്ച രീതിയിൽ തുടരാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന മുഹൂർത്തം. ഈ കൂട്ടായ്മയും ഈ ആത്മസമർപ്പണവും ഈ മുന്നേറ്റവും കൂടുതൽ കരുത്തോടെ തുടരാം എന്നാണ് ഈ സന്ദർഭത്തിൽ ആവർത്തിച്ച് പറയാനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    
News Summary - National Highway development became a reality due to the willpower of the Left government - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.