വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ; ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സർക്കാരിനെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിക്ക് പിന്നാലെ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണലും (എൻ.ജി.ടി). ബ്രഹ്മപുരം പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും പ്രശ്നങ്ങൾക്ക് കാരണം മോശം ഭരണമാണെന്നും കുറ്റപ്പെടുത്തിയ എ.കെ. ഗോയലിന്‍റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ ബെഞ്ച്, ആവശ്യമായി വന്നാല്‍ 500 കോടി രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

ബ്രഹ്മപുരം വിഷയത്തിൽ ഹൈകോടതി രജിസ്റ്റർ ചെയ്ത കേസിൽ നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ ദേശീയ ഹരിത ട്രൈബ്യൂണൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ബെഞ്ചിനോട് അഭ്യർഥിച്ചു. വിഷയത്തില്‍ ഹൈകോടതി നടത്തിയ ഇടപെടലുകളും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ട്രൈബ്യൂണലിനെ അറിയിച്ചു.

പ്ലാന്‍റിലേക്കുള്ള ജൈവ മാലിന്യങ്ങളുടെ വരവ് കുറച്ചുകൊണ്ടുവരും. ഇപ്പോഴുള്ള കമ്പോസ്റ്റ് പ്ലാന്‍റ് കൊച്ചിൻ കോർപറേഷൻ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കും തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. പ്ലാന്‍റിലെ സി.സി.ടി.വി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാൽ, സത്യവാങ്മൂലത്തിൽ നൽകിയ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ബെഞ്ച് പരിസ്ഥിതി നഷ്ടപരിഹാരമായി 500 കോടിരൂപ വരെ പിഴ ചുമത്താന്‍ അര്‍ഹമായ വിഷയമാണിതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഹൈകോടതി ഉത്തരവിന് കടകവിരുദ്ധമായ ഇടപെടലുകള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് അറിയിച്ച് ട്രൈബ്യൂണല്‍ കേസ് ഉത്തരവിനായി മാറ്റിവെച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാർച്ച് ആറിനാണ് എൻ.ജി.ടി സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്. 

Tags:    
News Summary - National Green Tribunal against kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.