കൊച്ചി: ലോകമെങ്ങും കോവിഡിെൻറ പിടിയിലമരുമ്പോൾ, പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുരുന്നുകളുടെ അതിജീവനത്തിെൻറ കാവലാളാവുകയാണ് ഇവിടെയൊരു ഡോക്ടറും സഹപ്രവർത്തകരും. എറണാകുളം ജനറൽ ആശുപത്രിയിലെ ശിശുരോഗ ചികിത്സവിദഗ്ധൻ ഡോ. എം.എസ്. നൗഷാദിെൻറ നേതൃത്വത്തിലാണ് ജനിക്കുമ്പോൾ കൈക്കുമ്പിളിെൻറയത്രപോലും ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ആരോഗ്യപൂർണമായ പുതുജീവിതത്തിലേക്ക് വഴികാട്ടുന്നത്. കോവിഡുകാലത്തുമാത്രം ഇവിടുത്തെ പരിചരണത്തിൽ ഒരുകിലോയിൽ കുറവോടെ ജനിച്ച അഞ്ച് കുഞ്ഞുങ്ങളെ സ്വാഭാവിക ഭാരത്തിലെത്തിച്ചു. ഇതിൽ ഇരട്ടകളായ രണ്ട് പെൺകുഞ്ഞുങ്ങൾ ഡോക്ടർമാരുടെ ദിനമായ ബുധനാഴ്ച ആരോഗ്യത്തോടെ ആശുപത്രി വിട്ടുപോവുകയാണ്.
മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ 28ാം ആഴ്ചയിൽ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളുമായി, പ്രസവിച്ച് അഞ്ചാംദിവസമായ ഏപ്രിൽ 17ന് എത്തിയതാണ് പെരുമ്പാവൂർ ചേരാനല്ലൂർ സ്വദേശി സാവിയും ഭാര്യ ഷാൻറിയും. 660 ഗ്രാമും 750 ഗ്രാമുമായിരുന്നു കുഞ്ഞുങ്ങളുടെ ഭാരം. വളർച്ചയെത്താത്തതിനാൽ എല്ലാ അവയവങ്ങളുടെ പ്രവർത്തനത്തിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രാപ്പകലില്ലാതെ പരിചരണം നൽകി.
ഇവർക്കുപിന്നാലെ പെരുമ്പാവൂരിൽ താമസിക്കുന്ന അസം സ്വദേശി ഹിസ്തേശ്വറും ഭാര്യ ശാന്തിയും ഒരുനാൾ മാത്രം പ്രായമായ ഇരട്ടകളുമായി എത്തിയിരുന്നു. അതിഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുങ്ങളിലൊരാൾ മരിച്ചത് നൊമ്പരമായെങ്കിലും രണ്ടാമത്തെയാളെ രക്ഷിക്കണമെന്നുറച്ചുതന്നെയായിരുന്നു. 715 ഗ്രാം മാത്രമുണ്ടായിരുന്ന രണ്ടാമത്തെ കുഞ്ഞിന് ഇപ്പോൾ 1.320 കിലോയുണ്ട്. കണ്ടിന്യുസ് പോസിറ്റിവ് എയർവേ പ്രഷർ(സി.പി.എ.പി) ഉപകരണത്തിലൂടെയായിരുന്നു കുഞ്ഞിെൻറ അതിജീവനം. ആശുപത്രിയിൽതന്നെ ജനിച്ച ഫോർട്ട്കൊച്ചി സ്വദേശിയുടെ കുഞ്ഞിന് അന്ന് ഭാരം ഒരുകിലോ മാത്രം. ഇവരെ കൂടാതെ 900 ഗ്രാമുള്ള രണ്ട് കുഞ്ഞുങ്ങളും വന്നു. ഇവരെല്ലാം തൂക്കവും ആരോഗ്യവും കൈവരിച്ച് വീട്ടിലേക്ക് നേരേത്ത മടങ്ങിയിരുന്നു. വകുപ്പുമേധാവി ഡോ. അനിൽകുമാർ, ഡോക്ടർമാരായ ബി.എസ്. ബിലു, ശ്രീജ, ശിവപ്രസാദ്, ഹെഡ്നഴ്സ് പി.ജി. ആലീസ്, ശോഭ, ലീന തുടങ്ങിയവരെല്ലാം ചേർന്ന് ഏറെ അർപ്പണബോധത്തോടെ കൂടെനിന്നാണ് ഈ അതിജീവനങ്ങൾ സാധ്യമാക്കിയതെന്ന് ഡോ. നൗഷാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.