യു.ജി.സി കരട് റെഗുലേഷൻ 2025നെതിരെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ദേശീയ കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലുവും ഹസ്തദാനം ചെയ്യുന്നു. മന്ത്രി പ്രഫ.ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കർണാടക ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: തീകൊണ്ട് കളിക്കുകയാണെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടും ഗവർണർമാർ അവരുടെ യജമാനന്മാരുടെ നിർദേശപ്രകാരം രാഷ്ട്രീയക്കളി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ജി.സി കരട് റെഗുലേഷനെതിരെ വിവിധ സംസ്ഥാന മന്ത്രിമാരെ പങ്കെടുപ്പിച്ച് കേരള സർക്കാർ സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാൻസലർമാർ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനനുസൃതമായി പ്രവർത്തിക്കുകയാണ്. സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും ചട്ടങ്ങളും അവഗണിക്കുന്നു. സംസ്ഥാന ധനസഹായത്തോടെയുള്ള സർവകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും സംസ്ഥാന സർക്കാറുകളോട് ആലോചിക്കുന്നതിനുപകരം ഗവർണർമാർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നു. യു.ജി.സിയുടെ കരട് റെഗുലേഷൻ ഗവർണർമാരുടെ ഇടപെടലുകൾ ശക്തിപ്പെടുത്തും.
കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും നിയമനിർമാണ സഭയുടെ സ്വയംഭരണാധികാരത്തിൽ ഇടപെട്ട് ഗവർണർമാർ തങ്ങളുടെ ഭരണഘടനപരമായ അധികാരം മറികടക്കാൻ ശ്രമിക്കുന്നത് കണ്ടു. നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് അനിശ്ചിതമായി വൈകിയപ്പോഴാണ് തീകൊണ്ട് കളിക്കുകയാണെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്.
അക്കാദമിക് പശ്ചാത്തലമില്ലാതെ സ്വകാര്യമേഖലയിൽനിന്നുപോലും വി.സിമാരെ നിയമിക്കുന്ന സമീപനം ഉന്നത വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാനുള്ള ശ്രമമായി കാണണം. ഉന്നത വിദ്യാഭ്യാസരംഗത്ത് ജനാധിപത്യമൂല്യങ്ങളെ തുരങ്കംവെക്കാനും മേഖലയെ മതപരവും സാമുദായികവുമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായേ കരട് റെഗുലേഷനെ കാണാനാവൂവെന്നും അത് പാസാക്കാൻ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.