താമരശ്ശേരിയിൽ ഫ്രഷ് കട്ട് വിരുദ്ധ ജനകീയസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന സർവകക്ഷി മഹാറാലി, നാസർ ഫൈസ് കൂടത്തായി
കോഴിക്കോട്: താമരശ്ശേരി ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ നിരന്തരം വേട്ടയാടി പൊലീസ് അഭിമാനം കൈവിടരുതെന്ന് സമസ്ത നേതാവും ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമര സഹായ സമിതി കൺവീനറുമായ നാസർ ഫൈസി കൂടത്തായി.
വധശ്രമത്തിന് കേസെടുത്ത് ജാമ്യം പോലും നിഷേധിക്കുകയാണ്. ദുർഗന്ധമാലിന്യം പ്രസരിക്കുന്ന കമ്പനി മുതലാളിമാർക്ക് കാവലൊരുക്കുകയാണ് പൊലീസ്. നല്ല വായുവിനും വെള്ളത്തിനും വേണ്ടി സമരം ചെയ്യുന്ന സമരക്കാർക്ക് ഒപ്പം നിന്ന് മനുഷ്യൻ്റെ രക്തം ഊറ്റിക്കുടിക്കുന്ന ഫ്രഷ് കട്ട് കമ്പനിയോട് ഗോ ബാക്ക് വിളിക്കാൻ നിങ്ങളിൽ മനുഷ്യത്വം ബാക്കിയുണ്ടോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മനുഷ്യ പ്രശ്നങ്ങളെ അവഗണിച്ച് കമ്പനിക്ക് പിന്തുണ നൽകുന്ന ശമ്പളത്തിൽ നിങ്ങളുടെ മക്കൾ ഭക്ഷണം കഴിക്കുമ്പോൾ 'അച്ഛാ ഇതിൽ പാവപ്പെട്ട മനുഷ്യൻ്റെ ചോരമണക്കുന്നു, ഇതാണോ അച്ഛൻ ഞങ്ങൾക്ക് ഭക്ഷണമായി തരുന്നതെന്ന്' മക്കൾ ചോദിക്കുമെന്നും നാസർ ഫൈസി പറഞ്ഞു.
"ഫ്രഷ് കട്ടിൽ: പോലീസ് അഭിമാനം കൈവെടിയരുത്. കോഴിക്കോട് ജില്ലയിലെ ഇറച്ചിപ്പാറ ഫ്രഷ് കട്ട് മാലിന്യ പ്ലാൻ്റിനെതിരെ ജനങ്ങൾ നടത്തിയ സമരത്തെ തുടർന്ന് പോലീസ് നിരപരാധികളെ വേട്ടയാടുന്നത് തുടരുകയാണ്. വധശ്രമത്തിനു കേസെടുത്ത് ജാമ്യം പോലും നിഷേധിക്കുകയാണ്. ദുർഗന്ധമാലിന്യം പ്രസരിക്കുന്ന കമ്പനി മുതലാളിമാർക്ക് കാവലൊരുക്കുകയാണ് പൊലീസ്.
പോലീസ് മേലുദ്യോഗസ്ഥൻമാർ ചിന്തിക്കേണ്ട കാര്യം : മനുഷ്യ പ്രശ്നങ്ങളെ അവഗണിച്ച് കമ്പനിക്ക് പിന്തുണ നൽകുന്ന ശമ്പളത്തിൽ നിങ്ങളുടെ മക്കൾ ഭക്ഷണം കഴിക്കുമ്പോൾ ഒരു പിടി ചോറുരുട്ടി വായിലിടുന്നതിന് മുമ്പ് നിങ്ങളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - അച്ഛാ ഇതിൽ ഞങ്ങൾ പാവപ്പെട്ട മനുഷ്യൻ്റെ ചോരമണക്കുന്നു, ഇതാണോ അച്ഛൻ ഞങ്ങൾക്ക് ഭക്ഷണമായി തരുന്നത്?"
തുണീഷ്യയിൽ ഏകാധിപതിയായ സൈനുൽ ആബിദീൻ അലിക്കെതിരെ പൊതുജനം സമരത്തിനിറങ്ങി , സമരക്കാരെ വെടിവെച്ച് കൊല്ലാൻ പട്ടാളത്തോട് ഏകാധിപതിയുടെ നിർദ്ദേശം.
പട്ടാളം തോക്കുമായി അണിനിരപ്പോൾ വിരിമാറ് കാട്ടി ജനം ഒരു ചോദ്യം പട്ടാളത്തോട് ചോദിച്ചു " നിങ്ങളും മനുഷ്യരല്ലേ ഞങ്ങൾ ചെയ്യുന്ന സമരം ജീവിക്കാനുള്ള അവകാശത്തിനല്ലേ ! നിങ്ങൾ ചിന്തിക്കൂ എന്നിട്ട് വെടിവെക്കൂ!
ഇത് കേട്ട് പട്ടാളം ഒന്നടങ്കം തോക്ക് താഴെ വെച്ച് സമരക്കാർക്കൊപ്പം നിന്ന് വിളിച്ചു പറഞ്ഞു -സൈനുൽ ആബിദീൻ അലി ഗോ ബാക്ക് , ഉടുത്ത മുണ്ടുമാറാതെ അലി ടുണീഷ്യ വിട്ട് ഓടി പ്പോയി.
നല്ല വായുവിനും വെള്ളത്തിനും വേണ്ടി സമരം ചെയ്യുന്ന സമരക്കാർക്ക് ഒപ്പം നിന്ന് മനുഷ്യൻ്റെ രക്തം ഊറ്റിക്കുടിക്കുന്ന ഫ്രഷ് കട്ട് കമ്പനിയോട് ഗോ ബാക്ക് വിളിക്കാൻ നിങ്ങളിൽ മനുഷ്യത്വം ബാക്കിയുണ്ടോ? എന്നതാണ് ചോദ്യം. താമരശ്ശേരി നടന്ന മനഷ്യമഹാറാലിയിൽ പങ്കെടുത്തവർക്കും രാഷ്ട്രീയ മത സാംസ്കാരിക വിദ്യാഭ്യാസ നേതാക്കൾക്കും അഭിനന്ദനങ്ങൾ."
താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള ജനകീയ സമരസമിതിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി സർവകക്ഷി മഹാറാലി സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കാരാടിയിൽനിന്ന് ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യുവജന സംഘടന പ്രവർത്തകരും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ റാലിയിൽ അണിനിരന്നു.
സമരസമിതി പ്രവർത്തകരെ പൊലീസ് നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും അന്തസ്സോടെ ജീവിക്കാൻ വേണ്ടിയുള്ള സമരമാണിതെന്നും സമരത്തിൽ പങ്കെടുത്ത പ്രദേശവാസികൾ വ്യക്തമാക്കി. റാലിയെ തുടർന്ന് പഴയ സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതു സമ്മേളനത്തിൽ സമരസഹായ സമിതി ചെയർമാൻ ഗിരീഷ് ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ നാസർ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.
മുൻ എം.എൽ.എ. വി.എം ഉമ്മർ, കെ. ബാബു (സി.പി.എം), എ.അരവിന്ദൻ (കോൺഗ്രസ്), ഗിരീഷ് തേവള്ളി (ബി.ജെ.പി), ടി.എം. പൗലോസ് (സി.പി.ഐ), ജബീന ഇർഷാദ് (വെൽഫെയർ പാർട്ടി), സിദ്ധീഖ് ഈർപ്പോണ (എസ്.ഡി.പി.ഐ), അലക്സ് തോമസ് ചെമ്പകശ്ശേരി, കെ.എം. അശ്റഫ്, സൈനുൽ ആബിദീൻ തങ്ങൾ, കെ.പി. സദാശിവൻ, ഫാ. സിബി പൊൻപാറ, ഒ.പി. അബ്ദുറഹിമാൻ, പി.സി. മോയിൻകുട്ടി, തമ്പി പറക്കണ്ടം, പി.സി. അഷ്റഫ്, അമീർ മുഹമ്മദ് ഷാജി, ബോസ് ജേക്കബ് പി. ഗിരീഷ് കുമാർ, ടി.കെ. അരവിന്ദാക്ഷൻ, കെ.വി. മുഹമ്മദ്, ഗഫൂർ കൂടത്തായി, സന്ദീപ് മാടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.