പിടിയിലായ പ്രതികൾ
കോട്ടയം: ജില്ലയിലെ മയക്കുമരുന്നുകളുടെ പ്രധാന വിൽപ്പനക്കാർ പാലായിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽക്കാനായി ബംഗളൂരുവിൽ നിന്നും ബസിൽ കടത്തി കൊണ്ട് വന്ന 77 ഗ്രാം എം.ഡി.എം.എ, മൂന്ന് ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പരിശോധന ഒഴിവാക്കുന്നതിനായി അതിരാവിലെയുള്ള സ്വകാര്യ ബസിലാണ് പ്രതികൾ പാലായിൽ എത്തിയത്. പരിശോധനക്കിടെ ഓടി രക്ഷപെടാൻ ശ്രമിച്ച ഇവരെ സാഹസികമായി പിടിക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്നും വൻ തോതിൽ മയക്ക്മരുന്ന് ജില്ലയിൽ എത്തിച്ച് പ്രധാനമായും കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വൻലാഭത്തിൽ വിൽക്കുകയാണ് പ്രതികളുടെ രീതി. സ്വന്തം ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനും ലഹരിയുടെ വഴി കണ്ടെത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തിയത്.
ആഴ്ചയിൽ രണ്ട് തവണ ബംഗളൂരുവിലേക്ക് യാത്ര പോവാറുള്ള ഇവരെ എക്സൈസ് സംഘം നിരീക്ഷണം നടത്തിവരുകയായിരുന്നു. 20 വർഷം വരെ കഠിനതടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫിസർമാരായ കെ.ആർ. വിനോദ്, കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ്, ദീപു ബാലകൃഷ്ണൻ, അനീഷ് രാജ്, നിമേഷ്, ശ്യാം ശശിധരൻ, പ്രശോഭ്, എക്സൈസ് ഡ്രൈവർ അനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.