നമ്പി നാരായണന്‍റെ അവകാശവാദം വസ്തുതവിരുദ്ധമെന്ന് ശാസ്ത്രജ്ഞർ: 'ക്രയോജനിക്ക് പ്രൊപ്പൽഷൻ സംവിധാനം വികസിപ്പിക്കുന്നതിൽ നമ്പിക്ക് പങ്കില്ല'

തിരുവനന്തപുരം: നമ്പി നാരായണൻ ഐ.എസ്.ആർ.ഒയിലെ ജോലിക്കാലത്തെ തന്‍റെ നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങൾ വസ്തുതവിരുദ്ധമാണെന്ന് ഇസ്രോയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍റർ (എൽ.പി.എസ്.സി) മുൻ ഡയറക്ടർ ഡോ. മുത്തുനായകവും 11 മുൻ ശാസ്ത്രജ്ഞരും. 'റോക്കട്രി' എന്ന സിനിമയിൽ പറയുന്ന കാര്യങ്ങളും വിമർശനാത്മകമായി പരിശോധിക്കണമെന്ന് അവർ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ പറഞ്ഞു.

ഐ.എസ്.ആർ.ഒയിൽ ക്രയോജനിക്ക് പ്രൊപ്പൽഷൻ സംവിധാനം വികസിപ്പിക്കുന്നതിൽ നമ്പി നാരായണന് ഒരു പങ്കുമില്ലെന്ന് മുത്തുനായകം പറഞ്ഞു. 1994ൽ ചാരക്കേസിൽ സ്ഥലം മാറ്റുംവരെ പ്രൊപ്പൽഷൻ എൻജിനീയറിങ് ഡിവിഷനിൽ തന്‍റെ കീഴിലാണ് നമ്പി ജോലി ചെയ്തിരുന്നത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്ന ഒരുതലത്തിലും അദ്ദേഹത്തിന് ഒരു ചുമതലയുമില്ലായിരുന്നു. ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റത്തിൽനിന്ന് തന്നെ മാറ്റിയെന്ന നമ്പിയുടെ അവകാശവാദം വസ്തുതക്ക് നിരക്കുന്നതല്ല.

1994ൽ നമ്പി എൽ.പി.എസ്.സി വിട്ടശേഷമാണ് ക്രയോജനിക്ക് പ്രൊപ്പൽഷൻ സിസ്റ്റം ഉണ്ടാകുന്നത്. ഡോ. സാരാഭായിക്കൊപ്പം ജോലി ചെയ്തിരുന്നെന്ന വാദവും തെറ്റാണ്. പേടകങ്ങൾ ഭാവിയിൽ വിക്ഷേപിക്കാനായി ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കാൻ ഇസ്രോയിൽ രൂപവത്കരിച്ച ഇ.വി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയിലും നമ്പി അംഗമായിരുന്നില്ല.

ഇല്ലാത്ത ക്രയോജിനിക് സാങ്കേതികവിദ്യയുടെ പേരിലുള്ളതായിരുന്നു ചാരക്കേസ് എന്നും മുത്തുനായകം പറഞ്ഞു. ചാരക്കേസ് എടുക്കുന്ന 1994ൽ ഇന്ത്യ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിച്ചിരുന്നില്ല. നമ്പിനാരായണന് പത്മഭൂഷൺ നൽകാൻ ഇസ്രോ ശിപാർശ ചെയ്തിട്ടില്ലെന്ന് ചാരക്കേസിൽ ആരോപണവിധേയനായിരുന്ന ശശികുമാർ പറഞ്ഞു. തനിക്ക് കസ്റ്റഡിയിൽ കഴിഞ്ഞ 12 ദിവസവും പീഡനം നേരിടേണ്ടി വന്നിട്ടില്ല. പ്രഫ. ഇ.വി.എസ്. നമ്പൂതിരി (പ്രോജക്ട് ഡയറക്ടർ ക്രയോ എൻജിൻ), ശ്രീധരൻ ദാസ് (അസോ. ഡയറക്ടർ, എൽ.പി.എസ്.ഇ), ഡോ. ആദിമൂർത്തി (അസോ. ഡയറക്ടർ, വി.എസ്.എസ്.സി), ഡോ. മജീദ് (ഡെപ്യൂട്ടി ഡയറക്ടർ, വി.എസ്.എസ്.സി), ജോർജ് കോശി കൈലാസനാഥൻ, ജയകുമാർ തുടങ്ങിയവരും സംബന്ധിച്ചു.

Tags:    
News Summary - Nambi Narayanan had no role in developing cryogenic engine, say ISRO fellow scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.