പിണറായി സർക്കാർ വിദേശയാത്രക്ക് ചെലവിട്ടത് 22.7 കോടി
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രകൾക്കായി 22,7,46058 രൂപ (22.7 കോടി) ചെലവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. 235 യാത്രകളാണ് നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ 44 യാത്ര നടത്തി. ഇതിൽ 21 എണ്ണം ഔദ്യോഗിക ആവശ്യങ്ങൾക്കാണ്. ബാക്കി സ്വകാര്യ ആവശ്യങ്ങൾക്കും ചികിത്സാർഥവും. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ 15 തവണയും മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ 14 തവണയും വിദേശത്തുപോയി.
മന്ത്രി പി. പ്രസാദ് നടത്തിയ 11 യാത്രകളും സ്വകാര്യ ആവശ്യത്തിനാണ്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കെ. രാജൻ, ആന്‍റണി രാജു, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ്, അഡ്വ. മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖൻ എന്നിവർ ഒറ്റത്തവണയേ വിദേശത്ത് പോയിട്ടുള്ളൂ.
യാത്രപോയത് ഒമ്പത് യു.ഡി.എഫ് മന്ത്രിമാർ
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം വിദേശയാത്ര നടത്തിയത് ഒമ്പത് മന്ത്രിമാർ. ഒ.ജെ. ജെനീഷ് (ഒമാൻ, ഖത്തർ), മോൻസ് ജോസഫ് (യു.എ.ഇ), ടി. സിദ്ദീഖ് (സൗദി), ബിന്ദു കൃഷ്ണ (ബഹ്റൈൻ), രമേശ് ചെന്നിത്തല (യു.എ.ഇ, യു.എസ്.എ), കെ.എം. ഷാജി (ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ), പി.സി. വിഷ്ണുനാഥ് (ബഹ്റൈൻ, യു.എ.ഇ), വി.ഇ. അബ്ദുൽ ഗഫൂർ (യു.എ.ഇ), ഷിബു ബേബി ജോൺ (യു.എ.ഇ) എന്നിവരാണിവർ.
ഇതിൽ പി.സി. വിഷ്ണുനാഥ് യു.എ.ഇയിലേക്ക് പോയത് ഔദ്യോഗിക ആവശ്യങ്ങൾക്കാണ്. മറ്റു മന്ത്രിമാർ സ്വന്തം നിലക്കാണ് യാത്ര ചെയ്തത്. എല്ലാ യാത്രകൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പൊളിറ്റിക്കൽ ക്ലിയറൻസ് ഉണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.