നെയ്യാറ്റിൻകര ‘സമാധി’യിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സമാധിയായെന്ന് കാണിച്ച് പോസ്റ്റർ പതിച്ച് മൃതദേഹം അടക്കം ചെയ്ത സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് പൊലീസിന്റെ നീക്കം. ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നും ഭാര്യയും മക്കളും പറയുന്നു. രണ്ടു മക്കള്‍ ചേര്‍ന്ന് ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തേയോ അറിയിക്കാതെ സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി പൊലീസ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കലക്ടറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മൃതദേഹം പുറത്തെടുക്കാനാണ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം അറിയാനാകൂ. അച്ഛന്‍, താൻ സമാധി ആകുവാന്‍ പോകുന്നതായി പറഞ്ഞെന്നും പീഠത്തിനരികില്‍ പത്മാസനത്തിലിരുന്നെന്നുമാണ് മക്കള്‍ പറയുന്നത്. വീടിന് മുന്നിലെ ക്ഷേത്രത്തിന് സമീപത്ത് സമാധി പീഠം ഒരുക്കിയിരുന്നതായും മക്കളും ഗോപന്‍ സ്വാമിയുടെ ഭാര്യയും പറഞ്ഞു. സമാധി പീഠത്തിലിരുത്തി മുമ്പേകരുതി വച്ചിരുന്ന സ്ലാബിട്ട് അടക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകരയിൽ സമാധി വിവാദമുയരുന്നത്. ഗോപൻ സ്വാമിയെന്ന് നാട്ടുകാർ വിളിക്കുന്ന ഗോപൻ, സ്വന്തമായി പണി കഴിപ്പിച്ച ക്ഷേത്രത്തിൽ പൂജ നടത്തിവരികയായിരുന്നു. പോസ്റ്റർ ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാരിൽ ചിലർക്ക് സംശയമുണ്ടായത്. തൊട്ടടുത്ത വീട്ടുകാർ പോലും ഗോപന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. സമാധിയായെന്നും കുഴിച്ചുമൂടിയെന്നും മക്കൾ പറഞ്ഞതോടെയാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. എന്നാൽ തൊട്ടുമുമ്പത്തെ ദിവസം പോലും പുറത്ത് കണ്ട ആൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറ‍യുന്നത്.

സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും മണിക്കൂറുകളോളം നീളുന്ന പൂജാകര്‍മ്മങ്ങൾ നടത്താനുള്ളതുകൊണ്ടാണ് പുറത്തറിയിക്കാത്തതെന്നും പൂജാരിയായ രാജസേനന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മണ്ഡപത്തിന് കാവലേർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Mystery in Neyyatinkara 'Samadhi'; Police to exhume the body for post-mortem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.