പത്തനംതിട്ട: സഹകരണ വകുപ്പിന്‍റ ടീം ഓഡിറ്റ് പ്രാരംഭഘട്ട വിശദീകരണ യോഗ വേദിയിൽ മൈലപ്ര സഹകരണ ബാങ്കിലെ അഴിമതിക്ക് നേതൃത്വം കൊടുത്ത പ്രസിഡന്‍റും ഇരുന്നത് വിവാദമായി.ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയിലെ കേരള ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം നടന്നത്. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുമുള്ള ക്ലാസാണ് പ്രധാനമായും നടന്നത്.
സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിനാണ് ഉദ്ഘാടനം ചെയ്തത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും സഹകരണ യൂനിയൻ അടൂർ സർക്കിൾ ചെയർമാനുമായ പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു.കോഴഞ്ചേരി സഹകരണ യൂനിയൻ ചെയർമാൻ എന്ന നിലക്കാണ് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ വേദിയിൽ ഇരുന്നത്. ജില്ലയിലെ സഹകരണ വകുപ്പ് ജീവനക്കാരും സർവിസ് സഹകരണ ബോർഡ് ഭാരവാഹികളും മറ്റ് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. ജെറി ഈശോ ഉമ്മൻ വേദിയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ അംഗങ്ങൾക്കിടയിൽ തുടക്കം മുതലേ പ്രതിഷേധമുയരുന്നുണ്ടായിരുന്നു.
പത്തനംതിട്ട സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് അനിൽ തോമസ് തെൻറ പ്രസംഗത്തിൽ ആരുടെയും പേരെടുത്ത് പറയാതെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസുകളിലെ പ്രധാന പ്രതികളെ ചിലർ സംരക്ഷിക്കുന്നതും നിക്ഷേപകരുടെ പണം കൊള്ളയടിക്കുന്നതും ചൂണ്ടിക്കാണിച്ചപ്പോൾ സദസ്സിൽനിന്ന് നീണ്ട കൈയടിയും ഉയർന്നു.
എന്നാൽ, ഇതിനപ്പുറം തട്ടിപ്പിന് നേതൃത്വം നൽകിയ ബാങ്ക് പ്രസിഡന്‍റിെൻറ സാന്നിധ്യം ചോദ്യം ചെയ്യാൻ ആരും തയാറായില്ല. ഏരിയ കമ്മിറ്റി അംഗമായ ജെറി ഈശോ ഉമ്മനെ സി.പി.എം സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് ഇദ്ദേഹം പാർട്ടി നേതാക്കൾക്കൊപ്പം പൊതുവേദി പങ്കിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും സെക്രട്ടറി മാത്രമാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.