പൂഞ്ഞാർ: തന്റെ ജീവൻ രക്ഷിക്കാൻ വന്നത് ആർഎസ്എസ് ബിജെപി പ്രവർത്തകരാണെന്നും താൻ ഈ പാർട്ടിയിൽ വെറുതെ ചേർന്നതല്ലെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്. ക്രിസ്ത്യാനികളിലും ഹിന്ദുവിലും മുസ്‍ലിമിലും തീവ്രവാദികൾ ഉണ്ടെന്നും പക്ഷേ മുസ്‍ലിമിൽ തീവ്രവാദി കൂടുതൽ ഉണ്ടെന്നതാണ് സത്യമെന്നും പൂഞ്ഞാറിലെ വീട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരു തന്തയേ ഉള്ളൂ എന്നും അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണെന്നും മാറുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ ദൈവത്തെ സാക്ഷ്യപ്പെടുത്തി നിങ്ങളോട് ഒരു കാര്യം പറയട്ടെ. ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും എനിക്കറിയില്ല. ഞാൻ തെരഞ്ഞെടുപ്പിന് നിൽക്കില്ല എന്ന് ശപഥം ചെയ്തു പറഞ്ഞ ആളാണ്. എന്നാൽ, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വളരെ നിർബന്ധിച്ചു. ബിജെപിയുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും പൂഞ്ഞാറ്റിൽ വേറെ ആളില്ല നിൽക്കണം എന്നും പറഞ്ഞതുകൊണ്ടാണ് ഞാൻ നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് പൂഞ്ഞാറ്റിൽ കിട്ടിയത് 2900 വോട്ട് മാത്രമാണ്. ഇത്തവണ അത് ഞാൻ 36112 വോട്ടാക്കി ഉയർത്താൻ.
സ്വാഭാവികമായിട്ട് പലർക്കും അതിന് എന്നോട് ഇച്ചിരി മനപ്രയാസവും വേദനയും ഒക്കെ ഉണ്ടാവാം. ആ വേദനയൊക്കെ മനസ്സിൽ വെച്ചുകൊണ്ട് ഇരുന്നാൽ മതി. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ? ദൈവം എനിക്ക് അനുകൂലമായി, ജനം അനുകൂലമായി വോട്ട് ചെയ്തു. അതിന് വഴക്ക് ഉണ്ടാക്കിയിട്ട് കാര്യമില്ല.
ഞാൻ ഇലക്ഷന് തോറ്റു. സ്വാഭാവികമായും തോൽവി ഒരു ആഘാതമാണല്ലോ. തോറ്റു കഴിഞ്ഞ് എരുമേലിയിൽ ഒരു കമ്മിറ്റി ചേർന്നു. ‘നാലരക്കോടി രൂപ വിഹിതം കിട്ടിയതാ, ഇതെല്ലാം എവിടെ പോയി? എന്ത് ചെയ്തു?’ എന്ന് അവിടെവെച്ച് ബിജെപിയുടെ രണ്ട് സ്ട്രോങ്ങ് ആളുകൾ എന്നോട് പറഞ്ഞു എന്നെ ചൂടാക്കി. ഇത്രയും രൂപ കിട്ടുമെന്ന് എനിക്കറിയത്തില്ല. 4.45 കോടി രൂപ കിട്ടിയിട്ട് ഇത് ആരൊക്കെ കട്ടു, എവനൊക്കെ തിന്നു എന്ന് അറിയണമെന്ന് അപ്പോൾ ഞാൻ യോഗത്തിൽ പറഞ്ഞ് ചൂടായി. പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ പോരുകയും ചെയ്തു. തോറ്റു കഴിഞ്ഞിട്ട് വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ?
പക്ഷെ, രസം എന്താണെന്ന് ചോദിച്ചാൽ അത് കഴിഞ്ഞപ്പോൾ പാർട്ടി നേതൃത്വം എന്നെ ബന്ധപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പൂർണമായിട്ട് എന്നെ കാണിച്ചു. 100 രൂപയുടെ കണക്ക് പോലും എഴുതി എന്നെ കാണിച്ചു.
ഒരു പൈസ പോലും ആരും മോഷ്ടിച്ചിട്ടുമില്ല കൊടുത്തിട്ടുമില്ല എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഒരു അസംബ്ലി സീറ്റിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പണം 40 ലക്ഷം രൂപയാണ്. അതിൽ 40 എനിക്ക് ചിലവായിട്ടില്ല, അതാ രസം. അതിന്റെ കണക്കും അതാണ്. ഞാൻ അന്ന് എരുമേലിയിൽ പറഞ്ഞത് തെറ്റായിപ്പോയി.
ഒരു റിപ്പോർട്ടർ എന്നോട് ചോദിച്ചപ്പോൾ ഞാൻ എരുമയിൽ പറഞ്ഞത് സത്യമാണെന്നും പക്ഷേ അത്രയും പണം കിട്ടിയിട്ടില്ല എന്നും ഞാൻ വ്യക്തമായി പറഞ്ഞതാണ്. പാർട്ടി എനിക്ക് കണക്ക് കാണിച്ചു, ഒരു പൈസ പോലും ആരും കട്ടിട്ടില്ല. എന്ന് മാത്രമല്ല എന്റെ ഇവിടുത്തെ ഇലക്ഷൻ ചാർജ് മുഴുവൻ വഹിച്ചിരുന്ന സജി കുരീക്കാട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിട്ട് റിട്ടയർ ചെയ്ത ആളാണ്. അഞ്ചു പൈസ പോലും കക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്ന ആളല്ല. വളരെ മാന്യനാണ്. ഒരു തെറ്റും പറയാനില്ല. ഇതാണ് സത്യം. ഞാൻ എരുമേലിയിൽ പറഞ്ഞത് ശരിയല്ല ഞാൻ അതിന് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞു. അത് കഴിഞ്ഞിട്ട് പിന്നെ എന്നെ തെറി പറയേണ്ട കാര്യമുണ്ടോ? ഞാൻ പറഞ്ഞത് സത്യമാ. നമുക്കൊരു മര്യാദ വേണ്ടേ.
തെരഞ്ഞെടുപ്പിന് ഒരാൾക്കെങ്കിലും ഒരു നയാ പൈസ ഞാൻ കൊടുത്തതായോ ഞാൻ പറഞ്ഞിട്ട് കൊടുത്തതായോ തെളിയിക്കാമെങ്കിൽ എന്നെ ശിക്ഷിച്ചോളൂ. ഞാൻ ആത്മഹത്യ ചെയ്തേക്കാം. അതിൽ കൂടുതൽ ചെയ്യാൻ പറ്റില്ലല്ലോ.
ഒരാൾക്കെങ്കിലും ഞാൻ രൂപ കൊടുക്കുകയോ ഞാൻ പറഞ്ഞിട്ട് കൊടുത്തതായിട്ട് തെളിവ് തരികയോ ചെയ്യാമെങ്കിൽ ആത്മഹത്യ ചെയ്തേക്കാം. ഞാൻ ചെയ്തിട്ടില്ല. കാരണം അതിനൊന്നും സമയമില്ലായിരുന്നു. നമ്മൾ ഓടി നടന്ന് വോട്ട് പിടിക്കുകയായിരുന്നു. ഇത്തവണ 36112 വോട്ട് കിട്ടി. കഴിഞ്ഞ തവണത്തെ 2900 വോട്ടാണ് ഇത്രയും ആയത്. വെറുതെ കിട്ടിയതല്ല.
ഞാൻ ബിജെപിയിൽ വെറുതെ ചേർന്നതല്ല. ഞാൻ പച്ചക്ക് പറയുകയാ, എന്റെ ജീവൻ രക്ഷിക്കാൻ വന്നത് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. എല്ലാ മതത്തിലും തീവ്രവാദികൾ ഉണ്ട്. ക്രിസ്ത്യാനികളിലും ഹിന്ദുവിലും മുസ്‍ലിമിലും തീവ്രവാദികൾ ഉണ്ട്. പക്ഷേ മുസ്‍ലിമിൽ തീവ്രവാദികൾ കൂടുതലാണ്. അതാണ് സത്യം.
ആ തീവ്രവാദികൾ എന്നെ കൊല്ലാൻ വേണ്ടി വന്നപ്പോൾ രണ്ടു പ്രാവശ്യം ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണ് എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ ഞാൻ കൊല ചെയ്യപ്പെടുമായിരുന്നു. എന്നെ സംരക്ഷിച്ചതിലുള്ള സ്നേഹം കൊണ്ടാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ഇപ്പോൾ ഇനി പാർട്ടി മാറുന്ന പ്രശ്നം ഉദിക്കുന്നില്ല. ആരും ചിന്തിക്കുക പോലും വേണ്ട. എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് ബഹുമാനപ്പെട്ട നരേന്ദ്രമോദിജി തന്നെയാണ്. മാറുന്ന പ്രശ്നമില്ല. ഇതാണ് സത്യം’ -ജോർജ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ലഘിച്ച് കോടികൾ ചെലവഴിച്ചെന്ന പി.സി. ജോർജിന്റെ ഗുരുതര വെളിപ്പെടുത്തൽ വിവാദമായിരുന്നു. ജൂലൈ 18ന് എരുമേലിയിൽ ബിജെപി കേഡർമാരും നേതാക്കളും പങ്കെടുത്ത ‘ദീൻദയാൽ’ ക്യാമ്പിലെ പ്രസംഗമാണ് പുറത്തുവന്നത്. പൂഞ്ഞാറിൽ പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്നായിരുന്നു ജോർജ് വെളിപ്പെടുതിയത്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ മലക്കംമറിച്ചിൽ.
ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച തുക പോലും നൽകിയില്ല എന്നും ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കൂര്യക്കാടാണ് ഫണ്ട് കൈകാര്യം ചെയ്തത് എന്നും പിസി ജോർജ് ആരോപിച്ചു. പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാൽ ലിസ്റ്റിൽ പേരുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോൾ അവർ പണം വാങ്ങിയിട്ടില്ല എന്ന് വ്യക്തമായതായും ജോർജ് പറഞ്ഞു. പരമാവധി 40 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോഴാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലത്തിൽ നാലര കോടി രൂപ ചിലവഴിച്ചുവെന്ന് പാർട്ടി ദേശീയ നേതാവിന്റെ വെളിപ്പെടുത്തൽ.
ഓരോ ഇടങ്ങളിലും ചുമതലയുള്ള നേതാക്കൾ മുഴുവൻ പണവും അടിച്ചു മാറ്റി എന്നാണ് ആരോപണം. പൂഞ്ഞാർ മണ്ഡലത്തിന്റെ ചുമതല മധ്യമേഖലാ സെക്രട്ടറി ആയിരുന്ന സജി കുര്യക്കാടിനായിരുന്നു. ഇയാളുടെ കൈയ്യിലാണ് നാലരകോടി രൂപ പാർട്ടി ഫണ്ട് എത്തിയത്. ആ ഫണ്ട് വേണ്ട രീതിയിൽ ചിലവഴിച്ചില്ല എന്നതാണ് പിസി ജോർജിന്റെ വിമർശനം.
‘ഈ തെരഞ്ഞെടുപ്പിൽ നാലര കോടി രൂപ ചെലവഴിച്ചിട്ടുണ്ട് പാർട്ടി. നിങ്ങൾ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. നിങ്ങൾ സ്വയം തന്നെ ചിന്തിച്ചു നോക്കുക. ഞാൻ ആ രൂപായിൽ തൊട്ടിട്ടില്ലെന്ന് മാത്രമല്ല അത് മുഴുവൻ നമ്മുടെ സജി കുര്യക്കാട്ടിനെ ഏപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക കാര്യത്തിൽ ഞാൻ ഇടപെടാറില്ല. ഇലക്ഷൻ കഴിഞ്ഞ് സജീ, ആ കണക്ക് ഒന്ന് തരാവോ എന്ന് ചോദിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കണക്ക് എനിക്ക് കൊണ്ടുതന്നു. 4.45 കോടി രൂപ ചെലവായെന്ന കണക്കാണ് തന്നത്. ഇത് ഞാൻ ആരെയും കാണിക്കാൻ പോയില്ല. അത് കാണിച്ചാൽ നമ്മുടെ പാർട്ടി പ്രവർത്തകർക്ക് കൂടി നാണക്കേടാണ്. അതിലുള്ള പലരെയും ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ അറിഞ്ഞിട്ടില്ല. പക്ഷേ, നിങ്ങളുടെ മനസ്സിൽ തോന്നണം, ആ പണത്തിൽ നിന്ന് നിങ്ങൾ ആരെങ്കിലും എടുത്തോ? പാർട്ടിക്ക് വേണ്ടി വല്ലതും ചെയ്തോ എന്ന്.
ഒരു ബൂത്തിൽ 31000 രൂപ വച്ച് കൊടുക്കാൻ ശക്തമായി നിർദ്ദേശം കൊടുത്തിരുന്നു. എത്ര ബൂത്തിൽ അത് കൊടുത്തു? നമ്മൾ ചിന്തിക്കാൻ വേണ്ടി പറയുകയാണ്. എല്ലാ ബൂത്തിലും 31,000 രൂപ കൊടുക്കണം എന്ന് സ്ട്രിക്ട് ആയി തീരുമാനം എടുത്ത് പണം കൊടുത്തതാണ്. ആ പണം എവിടെ പോയി? ഞാൻ തിടനാട് പഞ്ചായത്തിൽ ഒറ്റയ്ക്ക് നിന്നപ്പോൾ 3000 വോട്ടിന് ലീഡ് ചെയ്ത പഞ്ചായത്താണ്. ആ പഞ്ചായത്തിൽ ഞാൻ രണ്ടാം സ്ഥാനത്തായി. ഞാൻ അന്തിച്ചു പോയി. വോട്ടിങ് ലിസ്റ്റ് എടുത്തു നോക്കിയപ്പോൾ നാണക്കേടായി. ഒരു ബൂത്തിൽ 50ൽ തഴെയാ വോട്ട്. അവിടെ മുഴുവൻ വോട്ടും നമ്മൾക്ക് കിട്ടേണ്ടതാണ്. എന്ത് സംഭവിച്ചു?
അവിടുത്തെ ബൂത്ത് പ്രസിഡന്റിനെ വിളിച്ചുവരുത്തി ഞാൻ. 31000 രൂപ നീ എന്ത് ചെയ്തു എന്നു ചോദിച്ചു. എന്റെ കൈയിൽ തന്നിട്ടില്ല എന്ന് അവൻ പറഞ്ഞു. അത് കൊടുക്കാൻ ഏൽപിച്ചവനെ ഞാൻ വിളിച്ചു വരുത്തി ചോദിച്ചു. കൊടുക്കാൻ മറന്നുപോയി എന്നായിരുന്നു മറുപടി. എന്റെ വായിൽ വന്ന ചീത്തയെല്ലാം ഞാൻ വിളിച്ചു. അവനോട് മാത്രം ഞാൻ കാശ് തിരിച്ചു വാങ്ങി. അത് ഞാൻ വീട്ടിൽ ബൈബിളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇങ്ങനെയണോ പാർട്ടി വേണ്ടത്? അത്ര വൃത്തി കെട്ടവന്മാരാണ് നമ്മുടെ പാർട്ടിയിലുള്ളത്. ഇതൊക്കെ ശരിയാണോ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാവണം. എല്ലാവരും കാർ മേടിക്കുകയാണ്. ബിജെപിയുടെ കാശ് കൊണ്ട് കാർ മേടിച്ചാൽ കാർ ഇടിച്ചു പോകും. പ്രാക്കാണ്. ദൈവം തമ്പുരാൻ വിടുകേല. പ്രാകുന്നത് ഞാനാണ്’-പി.സി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.