ഏത് നേതാവാണ് ആകാശിനോട് കൊലക്ക് ആഹ്വാനം ചെയ്തത് ? -എം.വി ജയരാജൻ

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ല​ങ്കേരിയുടെ ഫേസ്ബുക്ക് പ്രതികരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നത് നേരത്തേ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ മാപ്പുസാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നത്. ഏത് നേതാവാണ് കൊലക്ക് ആഹ്വാനം ചെയ്തതെന്ന് ആകാശ് തന്നെ പറയട്ടെ. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം വേണം. ഷുഹൈബ് വധക്കേസിൽ പാർട്ടി ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.

ശുഹൈബ് വധക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തൽ ആകാശ് ഇന്ന് ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. ‘ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലം’ എന്നായിരുന്നു ആകാശിന്റെ ആരോപണം. കൂടാതെ സി.പി.എം അംഗങ്ങളായ സ്ത്രീകൾക്കും നേതാക്കൾക്കുമെതിരെ അവിഹിതം ഉൾപ്പെടെയുള്ള ആരോപണങ്ങളും ആകാശ് പുറത്തുവിട്ടു.

 ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ഗുരുതര ആരോപണം ഉയർത്തിയത്. ‘എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് നേരിടേണ്ടി വന്നതെന്നായിരുന്നു ആകാശിന്റെ പ്രസ്താവന. 

Tags:    
News Summary - MV Jayarajan akash thilankeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.