തിരുവനന്തപുരം: രണ്ട് ദിവസമായി കത്തുന്ന കത്ത് ചോർച്ചയിൽ ചൂണ്ടുവിരൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുനേരെയാണെങ്കിലും മന്ത്രിമാരും മുൻ മന്ത്രിമാരും ചില പദ്ധതികളും സംശയനിഴലിലായത് പാർട്ടിയെയും സർക്കാരിനെയും കുരുക്കിലാക്കി. മുൻ പാർട്ടിക്കാരനായ ചെന്നൈയിലെ വ്യവസായി ഷർഷാദ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു പാർട്ടിക്കാരൻ രാജേഷ് കൃഷ്ണക്കെതിരെ പാർട്ടി പോളിറ്റ് ബ്യൂറോക്ക് നൽകിയ കത്താണ് ചോർന്നത്. കത്തിൽ മന്ത്രിമാരടക്കമുള്ളവരുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ആരോപണങ്ങളുണ്ട്. ഇതോടെ ചോർന്നതിന്റെ ഗൗരവത്തിൽതന്നെ കത്തിലെ ഉള്ളടക്കവും പാർട്ടിയിൽ പുകയുകയാണ്.
മന്ത്രിമാരെയും സർക്കാർ സംവിധാനങ്ങളെയും കൂട്ടുപിടിച്ചുള്ള അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പാർട്ടിക്ക് നൽകിയ കത്ത്, ആരോപണം നേരിടുന്നയാൾക്ക് ചോർന്നുകിട്ടിയത് എങ്ങിനെയെന്നാണ് നേതാക്കൾക്കിടയിൽ ഉയരുന്ന ചോദ്യം. നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ പാർട്ടി ഘടകങ്ങൾക്ക് ലഭിക്കുന്ന പരാതികൾ രഹസ്യരേഖയെന്നോണം കൈകാര്യംചെയ്യുന്നതാണ് കീഴ്വഴക്കം. ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ ചർച്ചചെയ്യുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യുമെന്നല്ലാതെ ഒരു നേതാവിനും കൈവശപ്പെടുത്താനോ പകർപ്പെടുക്കാനോ അനുമതിയില്ല. അത്തരം രേഖ ചോർന്നതാണ് പി.ബിയെ പ്രതിരോധത്തിലാക്കുന്നത്.
കത്തെഴുതിയ ആൾതന്നെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് വഴിയാവും ചോർന്നതെന്ന് വെളിപ്പെടുത്തിയതോടെ സെക്രട്ടറിയും വെട്ടിലാണ്. അസംബന്ധം എന്നുമാത്രമാണ് ഗോവിന്ദൻ പ്രതികരിച്ചത്. സാമ്പത്തിക ആരോപണം അടക്കമുള്ളതിനാൽ പേര് പരാമർശിക്കപ്പെട്ട മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും കൂടുതൽകാലം മിണ്ടാതിരിക്കാനാവില്ല. മന്ത്രി എം.ബി. രാജേഷും മുൻമന്ത്രി തോമസ് ഐസക്കും വിവാദം തള്ളിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധന പദ്ധതി, കിഫ്ബി മസാല ബോണ്ട് എന്നിവയും സംശയനിഴലിലാണ്. റിവേഴ്സ് ഹവാലയും ഉയർന്നതിനാൽ വിവാദം വേഗത്തിൽ അവസാനിപ്പിക്കാൻ പാർട്ടിക്ക് ഇടപെടേണ്ടിവരും.
അതേസമയം സംഭവത്തിന് പിന്നിൽ എം.വി. ഗോവിന്ദനെതിരായ വിഭാഗീയനീക്കമാണെന്ന സംശയവുമുണ്ട്. മൂന്നാം സർക്കാർ ലക്ഷ്യമിടുമ്പോൾതന്നെ പിണറായി വിജയന്റെ പിൻഗാമിയാര് എന്ന ചോദ്യം നേതാക്കൾക്കിടയിലുണ്ട്. പാർട്ടി സെക്രട്ടറിയെന്ന നിലക്ക് ഗോവിന്ദനെ ഈ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. അത് തടയൽ ലക്ഷ്യമിട്ടാണോ നീക്കമെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.