കൊച്ചി: ശമ്പളവർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന സമരം ശക്തമാവുന്നു. ചൊവ്വാഴ്ച രാവിലെ എറണാകുളത്തെ ഹെഡ് ഓഫിസിന് മുന്നിൽ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ മാനേജ്മെൻറ് അനുകൂല ജീവനക്കാരും സമരവുമായെത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി.
ഇതേതുടർന്ന് സ്ഥലത്തെത്തിയ മുത്തൂറ്റ് എം.ഡി ജോർജ് അലക്സാണ്ടർ റോഡരികിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 14 ദിവസമായി സി.ഐ.ടി.യു മുത്തൂറ്റ് ശാഖകളിൽ ഉപരോധം നടത്തുന്നുണ്ട്.
എന്നാൽ, തങ്ങൾക്ക് ജോലിക്ക് പ്രവേശിക്കണമെന്ന ആവശ്യവുമായി നിരവധി ജീവനക്കാർ കൊച്ചി ബാനർജി റോഡിലുള്ള ഹെഡ് ഓഫിസിൽ എത്തുകയായിരുന്നു.
ജോലിയിൽ പ്രവേശിക്കാൻ സമരക്കാർ അനുവദിക്കാത്തതിനെത്തുടർന്ന് ഉപരോധക്കാർക്കെതിരെ ഇവരും ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എറണാകുളം സെൻട്രൽ പൊലീസെത്തിയാണ് മാനേജ്മെൻറിെൻറ അനുയായികളെ പിന്മാറ്റിയത്. ബാനർജി റോഡിലെ ഹെഡ് ഓഫിസിന് മുന്നിൽ നടക്കുന്ന സമരം എസ്.ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ഉടനെയായിരുന്നു മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി സമരവേദിയിലേക്ക് മാനേജ്മെൻറ് അനുകൂലികളെത്തിയത്.
ഇരുവിഭാഗവും പരസ്പരം വാക്കേറ്റമായി. ഇതോടെ ബാനർജി റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നാലുവർഷമായിട്ടും തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാൻ മാനേജ്മെൻറ് തയാറാകുന്നില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു.
പണിമുടക്കുന്നത് ജീവനക്കാരല്ല –മുത്തൂറ്റ് അധികൃതർ കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽ തങ്ങൾക്ക് ഒരു ട്രേഡ് യൂനിയനും ഇല്ലെന്നും നിലവിൽ മുത്തൂറ്റ് ജീവനക്കാരല്ല പണിമുടക്കുന്നതെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 350 തൊഴിലാളികൾ ജോലി ചെയ്യുന്ന ഹെഡ് ഓഫിസിൽ ഒരു തൊഴിലാളി പോലും സമരം നടത്തുന്ന സംഘടനയിൽ അംഗമാവുകയോ സമരവുമായി സഹകരിക്കുകയോ ചെയ്യുന്നില്ല. മാസാവസാനം എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ശമ്പളവും ബോണസും കൃത്യമായി നൽകുന്ന കമ്പനിയാണിത്.
എന്നാൽ, കുറച്ച് സ്റ്റാഫ് അംഗങ്ങളും സി.ഐ.ടി.യു തൊഴിലാളികളും ചേർന്ന് നിർബന്ധിതമായി ശാഖ അടപ്പിക്കുന്ന സാഹചര്യമുണ്ട്. ഇതുമൂലം ശാഖകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയാണ്. ഇക്കാരണത്താൽ തൊഴിലാളികളെ പിരിച്ചുവിടുമെന്നും അവർ വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ് ഡയറക്ടർ ഈപ്പൻ അലക്സാണ്ടർ, എം.ഡി ജോർജ് അലക്സാണ്ടർ, കെ.ആർ. ബിജിമോൻ, ജോർജ് എം. ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.