മുസ്ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ശ്രമം –എം.ഐ. അബ്ദുല്‍ അസീസ്

തേഞ്ഞിപ്പലം: മുസ്ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. അന്താരാഷ്ട്രതലത്തില്‍ സാമ്രാജ്യത്വമാണെങ്കില്‍ ഇന്ത്യയില്‍ സംഘ്പരിവാറിന്‍െറ മേല്‍നോട്ടത്തിലാണ് ഇസ്ലാംഭീതി പടര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മൂന്നുദിവസമായി നടന്ന ഇസ്ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തിന്‍െറ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കി മാധ്യമങ്ങളും ഈ ശ്രമത്തില്‍ പങ്കുചേരുന്നു. ലൗ ജിഹാദ് സംഭവത്തിലും മറ്റും നടന്നത് ഉദാഹരണം. മുസ്ലിം പേര് സ്വീകരിക്കുന്നതുപോലും അപകടകരമായി കാണുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹത്തിന് കഴിയേണ്ടതുണ്ട്. ഇസ്ലാമിന്‍െറ വിമോചനപരമായ ഉള്ളടക്കമാണ് വേട്ടയാടപ്പെടലിന് കാരണം. മാതൃകാപരമായ സമൂഹത്തിന്‍െറ സൃഷ്ടിക്കുള്ള ശ്രമം മുസ്ലിം സമൂഹത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, എസ്.ഐ.ഒ നിയുക്ത പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജി.ഐ.ഒ സെക്രട്ടറി ഫസ്ന മിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും മലപ്പുറം ജില്ല പ്രസിഡന്‍റ് മിയാന്‍ദാദ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന സെഷനില്‍ പ്രഫ. എ.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബാബുരാജ്, കെ.പി. സല്‍വ എന്നിവര്‍ സംസാരിച്ചു. ഡോ. ബി.എസ്. ഷെറിന്‍, കെ.കെ. സുഹൈല്‍, ഇ.എസ്. അസ്ലം, ഉമ്മുല്‍ ഫായിസ, മുഹമ്മദ് ശുഹൈബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്നുദിവസമായി നടന്ന സമ്മേളനത്തില്‍ അഞ്ച് സെഷനുകളിലായി 25 പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.

 

Tags:    
News Summary - muslim seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.