കഴിഞ്ഞ കുറച്ച് കാലമായി സി.പി.എമ്മിന് മുസ്‍ലീം ലീഗിനോടുള്ള പ്രണയം പകൽപോലെ വ്യക്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നാൾക്കുനാൾ അത്, മറനീക്കി പുറത്തുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിേയറ്റ് യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുൻകാലങ്ങളിൽ ലീഗിനെതിരെ സി.പി.എം നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പാടെ നിഷേധിച്ചത്.
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം. ന്യൂനപക്ഷങ്ങൾക്കുവേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ്. പാർട്ടി രേഖകളിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോഴാണ് തങ്ങൾ ലീഗിനെയും വിമർശിച്ചതെന്നും ഗോവിന്ദൻ പറയുന്നു. എന്നാൽ, ഈ പ്രശംസ വെറുംവാക്കായി കാണാൻ കോൺഗ്രസ് തയ്യാറല്ല. ലീഗിനെ അടർത്തിമാറ്റാമെന്നത് വ്യാമോഹമാണെന്നും ആ വെള്ളം വാങ്ങിവെച്ചേക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു കഴിഞ്ഞു. ഇതിന്റെ തുടർച്ചയെന്നോണം ഐക്യത്തിനു കോട്ടമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുംപ്രതികരിച്ചു. ഇതിനിടയിലും യു.ഡി.എഫിനകത്ത് പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെ. മുരളീധരൻ എം.പിയുടെ വാക്കുകൾ. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയ കാര്യസമിതി ചേരുന്നുണ്ടെന്നും ഒരുമിച്ച് നിന്നാൽ മൂന്നരവർഷം കൊണ്ട് കേരളത്തിൽ ഭരണത്തിലേറാമെന്നുമാണ് മുരളീധരൻ പറയുന്നത്.
അമർഷം ഏയെുണ്ട്...
കഴിഞ്ഞ കാലങ്ങളിൽ വ്യത്യസ്തമായി കോൺഗ്രസും മുസ്‍ലീം ലീഗും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാണിപ്പോൾ. ഈ സാഹചര്യത്തിലാണ് ഇത്തവണ നിയമസഭ സമ്മേളനത്തിനു മുന്നോടിയായി ലീഗ് നേതൃത്വം പ്രത്യേകയോഗം ചേർന്നത്. ഇത്തരമൊരു പതിവുണ്ടായിരുന്നില്ല. കേരള ഗവർണറെ മാറ്റുന്ന വിഷയത്തിൽ സി.പി.എം നിലപാടിനൊപ്പമാണ് ലീഗ്. ഇക്കാര്യത്തിൽ അഭിപ്രായഐക്യത്തിലെത്താൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ, കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല നിലപാടുകളും ലീഗിനെ പരസ്യപ്രതികരത്തിലേക്ക് നയിച്ചിരുന്നു. ഏക സിവിൽകോഡ് വിഷയത്തിലും ലീഗിനൊപ്പം നിൽക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നുള്ള വിമർശനവും ശക്തമാണ്. ഈ സാഹചര്യങ്ങളിലെല്ലാം സി.പി.എം തന്ത്രപരമായ നീക്കമാണ് നടത്തിയത്. പുതിയ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ നീക്കം കോൺഗ്രസിനൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷികളും ഉറ്റുനോക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.