ന്യൂഡൽഹി: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനം നവംബറിൽ ഡൽഹിയിൽ നടത്താൻ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ചെന്നൈ സമ്മേളനത്തിൽ പ്രഖ്യാപിച്ച പാർട്ടി സ്ഥാപക അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്‍റെ സ്മാരകമായുള്ള ഡൽഹിയിലെ ആസ്ഥാന മന്ദിരം നവംബറിൽ നടക്കുന്ന സമ്മേളനത്തോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ആസ്ഥാന നിർമാണത്തിനായുള്ള ഫണ്ട് ക്യാമ്പയിൻ ജൂൺ 15 മുതൽ ആഗസ്ത് 15 വരെ നടക്കുമെന്നും രാഷ്ട്രീയകാര്യ സമിതി യോഗം വിശദീകരിച്ച് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ് ഫലം, നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വിഷയങ്ങൾ എന്നിവ യോഗം വിലയിരുത്തി. വർഗീയതയെ തകർത്തെറിഞ്ഞ കർണാടകയിലെ വിജയം മതേതര ചേരിക്ക് നവോന്മേഷം പകർന്നു നൽകിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വഴി മുന്നേറിയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിക്കാനാകും. കർണാടകയിൽ മതേത്വര വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലീഗ് നടത്തി.
ലീഗിന്‍റെ പ്രവർത്തനങ്ങളെ കോൺഗ്രസ് നേതൃത്വം അഭിനന്ദിക്കുകയുണ്ടായി. ചില ന്യൂനപക്ഷ പാർട്ടികൾ മത്സരിച്ച് മതേത്വര വോട്ട് ഭിന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. യു.പി.എ മുന്നണി അധികാരത്തിൽ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന രാഷ്ട്രീയകാര്യ സമിതി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്‍റ് പ്രൊഫ. ഖാദർ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.