മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‍ലിം ലീഗ് നേതാക്കൾ. മാറി മാറി കാർഡ് കളിച്ചിട്ടും ഇടതുപക്ഷത്തിന് ഒരു പ്രയോജനവുമുണ്ടായില്ലെന്നും മലയാളിയുടെ മണ്ണിൽ വർഗീയത ചെലവാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും ആത്‍മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. ഒരുവിഭാഗത്തെ ലക്ഷ്യം വെച്ച് സർക്കാറും സർക്കാറിനെ പിന്തുണക്കുന്നവരും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ ജനം സ്വീകരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ ന്യൂനപക്ഷ കാർഡ് എടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപഎപിൽ ഭൂരിപക്ഷ കാർഡ് എടുത്തു. എന്നിട്ടും മികച്ച വിജയമാണ് യു.ഡി.എഫ് നേടിയതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
നാലുവോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ലീഗിന്‍റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്ന് സജി ചെറിയാൻ ആരോപിച്ചു. ആർ.എസ്.എസിന്‍റെ മറുഭാഗമാണ് ലീഗ് പറയുന്നതെന്നും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചാണ് ലീഗ് നിൽക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
കാസർകോട് നഗരസഭാ ഫലം പരിശോധിച്ചാൽ മതി, ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷമുണ്ടോ, ആ സമുദായമേ ജയിക്കൂ. സമുദായത്തിന് ഭൂരിപക്ഷമില്ലാത്തവർ എവിടെ നിന്നാലും ജയിക്കില്ല. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സ്റ്റേറ്റിലും അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ലീഗിന്‍റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ആ കാര്യത്തിൽ യാതൊരു വ്യത്യാസമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.