തട്ടുകടകൾക്കായി വെൻഡിങ് സോൺ; സ്ഥലം കണ്ടെത്താനും റിപ്പോർട്ട് നൽകാനും നിർദേശം

തിരുവനന്തപുരം: തട്ടുകടകൾക്കായി വെൻഡിങ് സോൺ വരുന്നു. ഒരേ തരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പ്രത്യേക മേഖലകളിലേക്ക് മാറ്റിയാണ് തട്ടുകട വെൻഡിങ് സോൺ തയാറാകുന്നത്. ഓരോ വാർഡിലും സോൺ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിശ്ചയിക്കാൻ എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് അസിസ്റ്റന്റ് എൻജിനീയർമാരും ആരോഗ്യ വിഭാഗത്തിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തെ കോർപറേഷൻ നിയോഗിച്ചിട്ടുണ്ട്. 18നകം റിപ്പോർട്ട് നൽകണമെന്നാണ് സംഘത്തിന് നിർദേശം നൽകിയിട്ടുള്ളത്.

നടപ്പാത കൈയേറി സ്ഥാപിച്ച തട്ടുകടകൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് കോർപറേഷന്റെ നടപടി. നിലവിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തട്ടുകടകൾക്ക് കോർപറേഷൻ, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വകുപ്പുകളുടെ അനുമതിയുണ്ടോ എന്നാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധിക്കുന്നത്. വാർഡുകളിൽ തട്ടുകട സോൺ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക തയാറാക്കുന്നത് അസിസ്റ്റന്റ് എൻജിനീയർമാരാണ്.

വർഷങ്ങളായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് സോണിൽ മുൻഗണന നൽകും. അതേസമയം, സോൺ നിശ്ചയിക്കാനുള്ള കോർപറേഷന്റെ നീക്കം അറിഞ്ഞ് പലയിടങ്ങളിലും പുതിയ കടകൾ തുറന്നിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് സിറ്റി പൊലീസ് കമ്മിഷണർ വിളിച്ച റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന പ്രധാന പരാതി അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകളെ കുറിച്ചായിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയും നടപ്പാത കൈയേറിയും പ്രവർത്തിക്കുന്ന കടകളെ ഒഴിവാക്കാൻ വെൻഡിങ് സോൺ നിശ്ചയിക്കണമെന്ന് പൊലീസും കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Vending zone for thatched shops; Instructions to find a place and submit a report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.