തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചോ എന്ന് കണ്ടെത്താൻ രൂപവത്കരിച്ച മെഡിക്കൽ ബോർഡിെൻറ പ്രവർത്തനം നിലച്ചു. ആശുപത്രികൾ സന്ദർശിക്കാനോ ഡോക്ടർമാരുടെ മൊഴിയെടുക്കാനോ രൂപവത്കരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ബോർഡിന് കഴിഞ്ഞിട്ടില്ല. ബന്ധപ്പെട്ട രേഖകൾ പൊലീസ് നൽകാത്തതിനാലാണ് അന്വേഷണം വഴിമുട്ടിയതെന്ന് ബോർഡ് അംഗങ്ങൾ പറയുന്നു.
ഹൈകോടതി നിർദേശപ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ബോർഡ് രൂപവത്കരിച്ച് ഉത്തരവിറക്കിയത്. കോട്ടയം മെഡി. കോളജിലെ ന്യൂറോ സർജൻ ഡോ. പി.കെ. ബാലകൃഷ്ണൻ, കോഴിക്കോട് മെഡി. കോളജിലെ ശസ്ത്രക്രിയ വിഭാഗം തലവൻ ഡോ. എം.പി. ശശി, കോട്ടയം, തൃശൂർ മെഡി. കോളജുകളിലെ അനസ്തേഷ്യ വിഭാഗം മേധാവിമാരായ ഡോ. എ. ശോഭ, ഡോ.ജി. മായ എന്നിവരടങ്ങുന്ന സംഘത്തെയാണ് കഴിഞ്ഞ നവംബർ 24ന് സർക്കാർ നിയോഗിച്ചത്.
ബോർഡിെൻറ കണ്ടെത്തൽ പരിശോധിച്ചശേഷമേ ആരോപണവിധേയരായ ഡോക്ടർമാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാവൂവെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതുവരെ ഒരുയോഗം കൂടാൻപോലും മെഡിക്കൽ ബോർഡിന് കഴിഞ്ഞിട്ടില്ല. ആരോപണവിധേയമായ ആശുപത്രികളിൽ പോവുകയോ രേഖകൾ പരിശോധിക്കുകയോ ചെയ്തിട്ടില്ല. ബോർഡിൽനിന്ന് ഡോ. എം.പി. ശശി അടക്കമുള്ളവരെ മാറ്റി എന്നാണ് വിവരം.
2017 ആഗസ്റ്റ് ഏഴിനാണ് മുരുകൻ കൊല്ലം ഇത്തിക്കരക്ക് സമീപം വാഹനാപകടത്തിൽപ്പെട്ടത്. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും മുരുകനെ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചു. ബോർഡിെൻറ കണ്ടെത്തലുകൾ ആരോപണ വിധേയരായ ഡോക്ടർമാർക്ക് നിർണായകമാകും. പിഴവുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് പൊലീസ് കടക്കും. ബോർഡിെൻറ പ്രവർത്തനം നിലച്ചതിന് പിന്നിൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.