ബായാറിൽ കൊല്ലപ്പെട്ടത് ലീഗ് നേതാവിൻറെ ബന്ധു; അസ്വാഭാവിക മരണത്തിന്​ കേസെടുത്തു

മഞ്ചേശ്വരം :പൈവളിഗെ ബായാറിൽ ബുധനാഴ്ച്ച വൈകുന്നേരം കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാസർകോഡ്​ വിദ്യാനഗർ ചെട്ടുംകുഴി സ്വദേശി മുഹമ്മദ് മൻസൂർ (42 ) ആണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് നേതാവും കാസർകോഡ്​ മുൻ എം.എൽ.എയുമായ സി.ടി അഹമ്മദ് അലിയുടെ മകളുടെ ഭർത്താവി​​െൻറ സഹോദരനാണ്​ മൻസൂർ.

ബായാർ മുളിഗദ്ദെയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ എടമ്പള ചക്കരഗുളിയിലെ ആൾതാമസമില്ലാത്ത പ്രദേശത്താണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം ചിലരുടെ ഒച്ചയും ബഹളവും സ്​ഥലത്ത്​ കേട്ടതായി നാട്ടുകാർ പറഞ്ഞു. സംശയം തോന്നിയതിനെ തുടർന്ന് സന്ധ്യയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടത്.

മൃതദേഹത്തിൽ നിന്നും രക്തം ഒലിക്കുന്ന നിലയിലായിരുന്നു.വിവരമറിഞ്ഞു കുമ്പള സി.ഐ വി.വി മനോജ് കുമാർ, മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കിണറിന്​ സമീപം മുളകുപൊടി ഉപേക്ഷിച്ച നിലയിലും കിണറിന്റെ സമീപത്തു നിന്നും ഓമ്നി വാനിൻറെ ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയിയിരുന്നു.

പിന്നീട് ഉപ്പളയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ കീശയിൽ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി. പ്രാഥമിക പരിശോധനക്ക് ശേഷം മൃതദേഹം മംഗൽപാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി.

യുവാവിന്റെ മരണവുമായി ബന്ധപെട്ട്​ അസ്വാഭാവിക മരണത്തിനു മഞ്ചേശ്വരം പൊലീസ് കേസെടുത്തു.ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ബായാർ സ്വദേശി സക്കറിയയുടെ പരാതി പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.കുമ്പള സി.ഐ വി.വി മനോജിനാണ് അന്വേഷണ ചുമതല.കൊലപാതകം നടന്ന സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവ് ശേഖരിച്ചു.

 

 

News Summary - murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.