തൃശൂർ തേക്കിൻകാട് മൈതാനിയിൽ യുവാവിനെ 14കാരൻ കുത്തിക്കൊന്ന സ്ഥലത്ത്
പരിശോധന നടത്തുന്ന പൊലീസ് സംഘം
തൃശൂർ: കത്തിമുനയിൽ പകച്ച് കഴിയുകയാണ് തൃശൂർ. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ നടന്നത് മൂന്ന് കത്തിക്കുത്ത്. അതിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു. പുതുവത്സര രാവും പുതുവത്സര ദിനവും ഒക്കെ തൃശൂർ നഗരം കേട്ടത് കത്തിക്കുത്തിന്റെ വാർത്തകൾ ആയിരുന്നു.
2024 ഡിസംബർ 30നായിരുന്നു ഒരു സംഭവം. കുന്നംകുളം ആർത്താറ്റ് കിഴക്കുംമുറിയിൽ നാടൻചേരിൽ വീട്ടിൽ സിന്ധുവിന്റെ (50) ഘാതകനായത് സഹോദരീ ഭർത്താവായ കണ്ണനായിരുന്നു. സിന്ധുവിനെയും ഭർത്താവ് മണികണ്ഠനെയും കൊലപ്പെടുത്തി പണവും സ്വർണവും കവരുക എന്ന ലക്ഷ്യത്തിലാണ് കണ്ണൻ ഇവരുടെ വീട്ടിലെത്തിയത്. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതിനാൽ മണികണ്ഠൻ രക്ഷപെട്ടു. കൃത്യം നടത്താൻ തൃശൂരിൽനിന്നും വാങ്ങിയ വെട്ടുകത്തിയാണ് ഇയാൾ ഉപയോഗിച്ചത്. 30ന് രാത്രി വീട്ടിൽ ടി.വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു സിന്ധു.
ഇവിടെയെത്തിയ കണ്ണൻ ഇവരെ കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് വെട്ടി. അടുക്കള വഴി ഓടി രക്ഷപെടാൻ ശ്രമിക്കവെ പിന്നാലെ ചെന്ന് വെട്ടിവീഴ്ത്തി സിന്ധു ധരിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപെട്ടു. വീട്ടിൽ വേറെയും സ്വർണവും പണവും ഉണ്ടോ എന്ന് സാധനങ്ങൾ വലിച്ചുവാരി പരിശോധന നടത്തി. അയൽവാസികൾ നൽകിയ വിവരങ്ങൾ പ്രകാരം മണിക്കൂറുകൾക്കുള്ളിൽ പൊലീസ് തൊണ്ടിമുതൽ സഹിതം കണ്ണനെ പിടികൂടി. കുടുംബ പരിപാടികളിൽ നിറയെ ആഭരണങ്ങൾ അണിഞ്ഞെത്താറുള്ള സിന്ധുവിന്റെ കൈയിൽനിന്ന് ആഭരണങ്ങൾ കവരുക എന്നതായിരുന്നു ഏറെ സാമ്പത്തിക ബാധ്യതകളുള്ള കണ്ണന്റെ ലക്ഷ്യം.
ആർത്താറ്റ് കൊലപാതകത്തിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് നഗരമധ്യത്തിൽ കേവലം 14 വയസ് മാത്രമുള്ള ആൺകുട്ടി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഡിസംബർ 31ന് രാത്രിയാണ് സംഭവം. പുതുവത്സരാഘോഷത്തിനിടെ തേക്കിൻകാട് മൈതാനിയിൽ ആയിരുന്നു സംഭവം. പാലിയം റോഡ് ടോപ്പ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ജോൺ ഡേവിസിന്റെ മകൻ ലിവിൻ ഡേവിസ് (29) ആണ് 14 കാരന്റെ കൊലക്കത്തിക്ക് ഇരയായത്. ആൺകുട്ടികളും പെൺകുട്ടികളും കൂടി രാത്രിയിൽ തേക്കിൻകാട് മൈതാനിയിലെ ഇരുട്ടുള്ള സ്ഥലത്ത് ഇരുന്നതിനെ ലിവിൻ ചോദ്യംചെയ്തു.
ലിവിൻ മദ്യപിച്ച നിലയിൽ ആയിരുന്നു. ആൺകുട്ടികൾ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. തുടർന്ന് ലിവിനും ഒപ്പമുണ്ടായിരുന്ന ആളും കുട്ടികളും തമ്മിൽ വാക്കേറ്റമായി. കുട്ടി കൈയിൽ കരുതിയിരുന്ന കത്തി എടുത്ത് ലിവിനെ നെഞ്ചിൽ കുത്തുകയായിരുന്നു. ഒറ്റക്കുത്തിന് ജീവൻ നഷ്ടമായി. നഗരത്തിലെ തന്നെ സ്കൂളിലെ വിദ്യാർഥികളാണ് കുട്ടികൾ. ലിവിന്റെ കൈയിലിരുന്ന കത്തി പിടിച്ചുവാങ്ങി കുത്തിയതാണ് എന്നാണ് കുട്ടികൾ ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ, കുട്ടികളുടെ തന്നെ കത്തിയാണ് എന്ന് പിന്നീട് തെളിഞ്ഞു. സ്കൂളിൽ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പുറത്താക്കിയ വിദ്യാർഥിയാണ് പ്രതിയെന്നും പറയപ്പെടുന്നു. നഗരമധ്യത്തിലെ പ്രധാന സ്കൂളുകളിലൊക്കെയും മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
മൂന്നാമത്തെ സംഭവം തൃശൂർ മുള്ളൂർക്കരയിലാണ്. അതും പുതുവത്സര രാത്രി തന്നെ. തന്നോട് പുതുവത്സര ആശംസ പറഞ്ഞില്ല എന്നാരോപിച്ചാണ് യുവാവിനെ 24 തവണ കുത്തിയത്. സുഹൈബ് എന്ന യുവാവിനെയാണ് വിവിധ കേസുകളിൽ പ്രതിയായ ഷാഫി 24 തവണ കുത്തിയത്. ഗുരുതര പരിക്കേറ്റ സുഹൈബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 31ന് രാത്രി ബൈക്കിൽ പോകവേ സുഹൈബ്, ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷാഫി അടക്കമുള്ളവരുടെ അടുത്ത് വാഹനം നിർത്തി എല്ലാവരോടും ‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞു. എന്നാൽ, ഷാഫിയോട് മാത്രം പറഞ്ഞില്ലെന്നാരോപിച്ച് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് സുഹൈബിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചെറിയ പ്രകോപനങ്ങൾക്കുപോലും കത്തിയെടുക്കുന്ന തലത്തിലേക്ക് നഗരം മാറി. പുതുവത്സര പരിപാടികളുടെ ഭാഗമായി സിറ്റി പൊലീസ് സുരക്ഷ പരിശോധന വർധിപ്പിച്ചിട്ടും അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരം ലഭിച്ചു. ആറ് ദിവസങ്ങൾക്കുമുമ്പാണ് ക്രിസ്മസ് ദിനത്തിൽ കൊടകരയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചത്. നാല് വർഷങ്ങൾക്ക് മുമ്പുണ്ടായ സംഘർഷത്തിന്റെ പക മനസിൽ കരുതിവെച്ച് പകരം വീട്ടാനെത്തിയതാണ് രണ്ട് കൊലപാതകത്തിൽ കലാശിച്ചത്.
കൊടകര വട്ടേക്കാട് സ്വദേശികളായ മഠത്തിക്കാടന്‍ അഭിഷേക് (26), കല്ലിങ്ങപ്പുറം സുജിത്ത് (33) എന്നിവരാണ് കൊല്ലപ്പെട്ടത്. അഭിഷേക് ബി.ജെ.പി പ്രവർത്തകനാണ്. സുജിത്ത് സി.പി.എം പ്രവർത്തകനും. സുജിത്തിന്റെ സഹോദരന് സുധീഷ് (28), പനങ്ങാടന്‍ വിവേക് (26), ഹരീഷ് (25) എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട സുജിത്തും പരിക്കേറ്റ വിവേകും തമ്മിലാണ് 2020ല്‍ സംഘട്ടനമുണ്ടായത്. അന്ന് വിവേകിന് കുത്തേല്‍ക്കുകയും സുജിത്തും കൂട്ടാളിയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇത് വൈരമായി വളര്‍ന്നു. തുടര്‍ന്നാണ് ക്രിസ്മസ് രാത്രിയിൽ കൊലപാതകത്തിൽ കലാശിച്ചത്. മാസങ്ങൾക്ക് മുമ്പ് ഒല്ലൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവവും അരങ്ങേറി. 2024 അവസാനിക്കുന്നതും 2025 പുലരുന്നതും ജില്ലയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ സംഭവങ്ങളിലൂടെയല്ല. അധികൃതർ ഇടപെട്ട് സമാധാന ജീവിതത്തിന് അവസരം ഒരുക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.