കല്‍പറ്റ: മൈസൂരു സ്വദേശിയും പാരമ്പര്യ വൈദ്യനുമായ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാബിൻ അഷറഫിന്‍റെ ഭാര്യ ഫസ്നയെ വയനാട് മേപ്പാടിയിലെ വീട്ടിൽ നിന്ന് നിലബൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ കുറിച്ച് ഫസ്നക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകം നടന്ന സമയം വീട്ടിൽ ഫസ്ന ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
2019 ആഗസ്റ്റിലാണ് പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷാബിന്‍ അഷ്‌റഫും സംഘവും നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞു കൊടുത്തില്ല.
2020 ഒക്ടോബറില്‍ മര്‍ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. ഇതോടെ വൈദ്യന്റെ മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാന്‍ ഷാബിന്‍ അഷ്റഫ് കൂട്ടുകാരുടെ സഹായം തേടുകയായിരുന്നു. ഇവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നല്‍കിയില്ല. 2022 ഏപ്രില്‍ 24ന് ഈ കൂട്ടുപ്രതികളും ഷാബിന്‍ അഷ്റഫിനെ ബന്ദിയാക്കി പണം കവര്‍ന്നു. കവര്‍ച്ചക്ക് പിന്നില്‍ വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാന്‍ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു.
കവര്‍ച്ചയില്‍ പരാതിയുമായി ഷാബിന്‍ പൊലീസിനെ സമീപിച്ചു. ഇതോടെ കവര്‍ച്ചക്കേസിലെ പ്രതികളായ മൂന്നു പേര്‍ തിരുവനന്തപുരത്തെത്തി സെക്രട്ടറിയേറ്റിന് മുന്നില്‍വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജീവന്‍ അപകടത്തിലാണെന്നും ഷാബിനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതക രഹസ്യം ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍ നിന്നാണ് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്.
മുഖ്യ പ്രതി ഷാബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അതേസമയം, കേസിലെ പ്രതിയായ റിട്ട. എസ്.ഐ കോളേരി ശിവഗംഗയിൽ സുന്ദരൻ സുകുമാരൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.