ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് വെന്തു മരിച്ചത്. ഇവരുടെ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി ആലപ്പുഴ എസ്.പി. മോഹന ചന്ദ്രൻ പറഞ്ഞു. വൃദ്ധ ദമ്പതികളുടെ മരണത്തിന് പിന്നാലെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍റെ പദ്ധതി. എന്നാൽ, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രതി മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്.
മാതാപിതാക്കള്‍ക്ക് എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ലായിരുന്നുവെന്നും എന്ത് ചെയ്താലും അവര്‍ക്ക് പ്രശ്നം ആയിരുന്നുവെന്നും പ്രതി മൊഴി നൽകി. ഇതോടെ മാതാപിതാക്കളെ ഇല്ലാതാക്കാൻ പ്രതി തീരുമാനിക്കുകയായിരുന്നു. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു.
ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വിജയൻ ഇടക്ക് വന്നുപോകാറുണ്ട്. കഴിഞ്ഞ മാസം ഇയാൾ രാഘവന്റെ കൈ തല്ലിയൊടിച്ചിരുന്നു. തുടർന്ന് വയോധികൻ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. വിജയൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് അയൽക്കാരും ബന്ധുക്കളും ഉൾപ്പെടെ പറഞ്ഞിരുന്നു.
പുലർച്ചെ മൂന്നു മണിയോടെ വീടിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനേയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുന്നത്. 92 കാരനായ രാഘവന്‍റെയും 90 കാരിയായ ഭാര്യ ഭാരതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇവരുടെ മൂന്നാമത്തെ മകൻ വിജയനെ കാണാനില്ലായിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നു എന്നും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കളും നാട്ടുകാരും പൊലീസിന് മൊഴി നൽകി. ഇതിനിടെ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്രോൾ ഒഴിച്ച് വീടിന് തീയിട്ടു എന്നാണ് വിജയൻ പൊലീസിന് നൽകിയ മൊഴി.
മൃതദേഹം കത്തിക്കരിഞ്ഞനിലയിലായതിനാൽ പോസ്റ്റ് മോർട്ടത്തിനുശേഷമേ അറസ്റ്റ് രേഖപ്പെടുത്തുവെന്നും പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ വിജയൻ ഉൾപ്പെടെ അഞ്ചു മക്കളാണ് ദമ്പതികൾക്കുള്ളത്. ഒരാൾ നേരത്തെ മരിച്ചു. സ്വത്തുസംബന്ധമായ തർക്കങ്ങളെ തുടർന്ന് മകളും കുടുംബവും വാടകവീട്ടിലേക്ക് മാറിയതോടെയാണ് വീട്ടിൽ വിജയനും മാതാപിതാക്കളും മാത്രമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.