മന്ത്രി ജലീലിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡല്‍ഹി: പ്രോട്ടോകോള്‍ ലംഘനത്തിനപ്പുറത്ത് അതി ഗുരുതരമായ ചില കുറ്റങ്ങള്‍ മന്ത്രി കെ.ടി. ജലീലി​െൻറ ഭാഗത്തുനിന്നുണ്ടായെന്നും അക്കാര്യം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ദേശവിരുദ്ധ പ്രവൃത്തിയിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫിസ് വിട്ടുകൊടുത്ത  പിണറായി വിജയൻ രാജ്യത്തെ ഒറ്റിക്കൊടുത്തെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയ  പിണറായി രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പിണറായിയുടെ രാജി ആവശ്യപ്പെട്ട്​ ഡൽഹിയിൽ നടത്തിയ ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു മുരളീധരൻ.

പ്രോട്ടോകോള്‍ ലംഘനത്തി​െൻറ പേരില്‍ കെ.ടി. ജലീലിനെതിരെ എന്തു നടപടിയെടുക്കണമെന്ന് കേന്ദ്ര വിദേശമന്ത്രാലയം പരിശോധിച്ചുവരുകയാണ്​. സ്വന്തം  നാട്ടിലെ പാവപ്പെട്ടവർക്ക് അരി വാങ്ങാനാണ് യു.എ.ഇ കോൺസുലേറ്റി​െൻറ സഹായം  തേടിയതെന്നാണ്  മന്ത്രി കെ.ടി. ജലീൽ പറയുന്നത്. ഇത്തരം പ്രസ്​താവനകൾ നടത്താൻ ജലീലിന് ലജ്ജയില്ലേയെന്ന് മുരളീധരൻ ചോദിച്ചു. പ്രോട്ടോകോൾ ലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം ഓഫിസും  കുടുംബവും ആരോപണത്തി​െൻറ നിഴലിൽ വരുമ്പോൾ സഹപ്രവർത്തകർക്കെതിരെ  മുഖ്യമന്ത്രിക്ക് എങ്ങനെ നടപടിയെടുക്കാനാകുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. 

രാജ്യത്തി​െൻറ വിവര സാങ്കേതികവിദ്യയും രഹസ്യങ്ങളും  കള്ളക്കടത്തുകാരി സ്വപ്​ന സുരേഷ്​ ആർക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽനിന്നും ഒഴിഞ്ഞുമാറാൻ  മുഖ്യമന്ത്രിക്കാവില്ല. വ്യാജ സർട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുകാരി  സ്വന്തം ഓഫിസിൽ നിരങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണനൈപുണ്യമാണുള്ളതെന്ന് അദ്ദേഹത്തെ പാടിപ്പുകഴ്ത്തുന്നവർ പറയണം. ഇൻറലിജൻസിൽനിന്നു വിവരങ്ങൾ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രിയും സ്​പീക്കറുമെല്ലാം  പറയുന്നത്. രാജ്യത്തെതന്നെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുള്ള കേരള പൊലീസ് സേനയെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണിതെന്നും മുരളീധരൻ ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.