തിരുവനന്തപുരം: യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ധാരാളം സമയമുണ്ടെന്നും ഇത്ര ടെൻഷനടിച്ച് 24 മണിക്കൂർ കൊണ്ട് തീരുമാനം എടുക്കേണ്ടതല്ലെന്നും കെ. മുരളീധരൻ. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ നാലാം തീയതിക്കുശേഷം അഭിപ്രായം പറയും.
എല്ലാവർക്കും അഭിപ്രായമുണ്ടാകും. അത് പറയേണ്ട സമയം ഇതല്ല. ഫലം വരാൻ ഇനി 18 ദിവസം ഉണ്ട്. പിണറായി വിജയന് മേയ് 28വരെ കാലാവധിയുമുണ്ട്. അപ്പോൾ നാലാം തീയതിക്ക് ശേഷം ആലോചിച്ചാൽ മതി. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ എം.എൽ.എമാരോട് മാത്രമല്ല എം.പിമാരോട് അഭിപ്രായം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ അതൃപ്തി പ്രകടമാക്കിയ മുരളീധരൻ, ഇതൊക്കെ നിയന്ത്രിക്കേണ്ടതാണെന്നും വ്യക്തമാക്കി.
ഞങ്ങൾ തെരഞ്ഞെടുക്കുന്ന വ്യക്തിതന്നെയായിരിക്കും അഞ്ചു വർഷവും മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് ആരാകണമെന്നുള്ള ചോദ്യം സി.പി.എമ്മുകാരോടാണ് ചോദിക്കേണ്ടത്. പ്രതികക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ട ചുമതല എന്തായാലും ഇത്തവണ ഞങ്ങൾക്കില്ല. ബംഗാളിൽ പ്രചാരണത്തിന് പോകാൻ പിണറായിക്ക് എന്താണ് തടസ്സമെന്ന് മനസിലാകുന്നില്ല.
തമിഴ്നാട്ടിൽ ഞങ്ങളുമായിട്ട് സഖ്യം ഉള്ളതുകൊണ്ട് ചിലപ്പോൾ അദ്ദേഹത്തിന് അവിടെ പോകാൻ പ്രയാസം ഉണ്ടാകും. ബംഗാളിൽ പോയാൽ മോദിക്ക് വല്ലതും തോന്നുമോ എന്നതുകൊണ്ടായിരിക്കാം അവിടേക്ക് പോകാത്തതെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.