മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തെ പിന്തുണച്ച യുവാവിന് പൊലീസ് പീഡനം

കോഴിക്കോട്: വേതന വർധനവിന് വേണ്ടി മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂട്ടായ്മായ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ പിന്തുണച്ച യുവാവിന് പൊലീസ് പീഡനമെന്ന് പരാതി. സമരത്തെ പിന്തുണച്ചതും തേയില കമ്പനിക്കെതിരെ നിലപാട് സ്വീകരിച്ചതും വഴി ജോലി നഷ്ടപ്പെട്ട മനോജ് ജയിംസ് ഫേസ്ബുക്കിലൂടെയാണ് പൊലീസ് പീഡനം തുറന്നു പറഞ്ഞത്. ശാന്തമ്പാറ പൊലീസ് സ്റ്റേഷനിൽ പെരിയകനാൽ എസ്റ്റേറ്റ് മാനേജറുടെ പേരിൽ തനിക്കെതിരെ കള്ളകേസ് രജിസ്റ്റർ ചെയ്തെന്നും പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും മനോജ് വ്യക്തമാക്കുന്നു. 

വംശീയ ആക്രമണവും മാനസിക പീഡനവും കാരണം താൻ ആത്മഹത്യയുടെ വക്കിലാണ്. മുന്നാറിലെ സാധാരണ തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയും എന്നെ പീഡിപ്പിക്കുന്നത് കണ്ട് മാനസികമായി തകർന്നിരിക്കുകയാണ്. പല പ്രാവശ്യം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും തനിക്ക് ഒരു രീതിയിലും പരിചയമില്ലാത്ത മാവോയിസ്റ്റ് നേതാക്കളുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്നും മനോജ് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
എല്ലാവർക്കും നമസ്കാരം. കേരളത്തിൽ ജീവിക്കുകയും പക്ഷെ തമിഴ് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഭാരതീയനാണ് ഞാൻ. എന്റെ അച്ഛനും അമ്മയും മൂന്നാർ തേയില തോട്ടത്തിലെ തൊഴിലാളികളാണ്. വീട്ടിലെ സാമ്പത്തിക പ്രശ്‍നം കാരണം സ്വന്തമായി അധ്വാനിച്ചു എഞ്ചിനീയറിംഗ് പഠിച്ചു. 2013 മാർച്ച് 22 - ആം തിയതി മുതൽ മുന്നാറിലെ തേയില തോട്ടത്തിലെ ഓഫീസിൽ സ്റ്റാഫ് ആയി ജോലി ചെയ്തു. 2015-ൽ നടന്ന പെമ്പിള്ളൈ ഒരുമൈ സമരത്തിൽ സഹകരിക്കുകയും തേയില കമ്പനിയുടെ തൊഴിലാളി വിരുദ്ധമായ സമീപനം തുറന്നു കാണിക്കുവാൻ ഞാൻ തൊഴിലാളുകളെ സഹായിക്കുകയും ചെയ്ത്. അതിന്റെ പ്രതിഫലമായി എനിക്കു എന്റെ ജോലി നഷ്ടപ്പെട്ട്ടു.

അതിന് ശേഷം കൂലി കൂട്ടുന്നതിനുള്ള സമരത്തിലും ഞാൻ പങ്കാളിയായി. ആ സമരം വിജയിക്കുകയും ചെയ്തു. ആ സമരത്തിന് ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുകയും 8748 ഓട്ട് നേടുകയും ചെയ്തു. അതിനു ശേഷം സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കുന്ന കാലഘട്ടത്തിൽ 2017 ജൂലൈ 12 -ആം തീയതി എന്നെ പോലീസ് സ്റ്റേഷൻ വരാൻ പറയുകയും മാവോയിസ്റ്റുകളുമായി എനിക്ക് ബന്ധം ഉണ്ടെന്നു ആരോപിച്ചു എന്നെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. പക്ഷെ ഞാൻ നിരപരാധി ആയതു കൊണ്ട് എന്നെ കോടതി വെറുതെ വിട്ടു. അതിനു ശേഷം പല പ്രാവശ്യം എന്നെ പല ദിവസങ്ങളിലും പകലും രാത്രിയും നോക്കാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. എന്നെ വളെരെയധികം മാനസീകമായി പീഡിപ്പിച്ചു.

ഈ മനസീക പീഡനത്തിന്റെ തുടർച്ചയെന്ന വിധത്തിൽ കഴിഞ്ഞ ദിവസം ശാന്തമ്പാറ പോലീസ് സ്റ്റേഷനിൽ പെരിയകനാൽ എസ്റ്റേറ്റ് മാനേജറിന്റെ പേരിൽ എനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ആ മാനേജറയുമായി ഞാൻ തർക്കത്തിൽ ഏർപ്പെടുകയും വഴക്കുണ്ടാക്കി എന്നുമാണ് കേസ്. പക്ഷെ അങ്ങനെ ഉണ്ടായി എന്ന് പറയപ്പെടുന്ന ദിവസം ഞാൻ മുന്നാറിലെ ഇല്ലായിരുന്നു. ആദ്യം എന്റെ ഒരു സുഹൃത്തിന്റെ പേരാണ് ആ മാനേജർ പറഞ്ഞത്. പിന്നീട് 'ആരോ' ഇടപെട്ടു എന്റെ പേര് അതിൽ കൂട്ടി ചേർക്കുകയായിരുന്നു. എന്നെ മാനസികമായി പീഡിപ്പിച്ചു നാട് കടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ സ്വാധീനമുള്ള മുന്നാറിലെ കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം കഴിഞ്ഞ ദിവസം എനിക്ക് ബോധ്യപെട്ടു. എന്റെ പേരിൽ കൊടുക്കപെട്ട മൂന്നാമത്തെ കള്ളക്കേസാണിത്. ഈ കേസിൽ എനിക്ക് ജാമ്യം ലഭിച്ചു.

ഈ വംശീയ ആക്രമണവും മാനസീക പീഡനവും കാരണം ഞാൻ ആത്മഹത്യയുടെ വക്കിലാണ്. മുന്നാറിലെ സാധാരണ തോട്ടം തൊഴിലാളികളായ എന്റെ അച്ഛനും അമ്മയും എന്നെ പീഡിപ്പിക്കുന്നത് കണ്ട് മാനസീകമായി തകർന്നിരിക്കുകയാണ്. പല പ്രാവശ്യം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും എനിക്ക് ഒരു രീതിയിലും പരിചയമില്ലാത്ത മാവോയിസ്റ് നേതാക്കളുടെ പേരും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്.

പെമ്പിള്ളൈ ഒരുമൈ സമരത്തിന്റെ തുടർച്ചയായി ടാറ്റാ അനധികൃതമായി കൈവശംവച്ചിട്ടുള്ള ഭൂമി സർക്കാർ തിരിച്ചു പിടിച്ച് തോട്ടം തൊഴിലാളികൾക്കും ഭൂരഹിതരായ മറ്റു പിന്നോക്കകാർക്കും വിതരണത്തെ ചെയ്യണമെന്ന് പറഞ്ഞു സഖാവ് ഗോമതിയുടെ സമരത്തിനെ ഞാൻ പിന്തുണച്ചുതും ശേഷമാണ് എന്നെ കൂടുതലും പോലീസ് പീഡിപ്പിക്കാൻ തുടങ്ങിയത്. ഞാൻ മൂന്നാർ സർക്കിൾ ഇൻസ്പെക്ടറിനും സബ് ഇൻസ്പെക്ടറിനും വിവരാവകാശ നിയമ പ്രകാരം എന്നെ അറസ്റ്റ് ചെയ്തതിനും എന്റെ വീട്ടിൽ സെർച്ച് വാറന്റ് ഇല്ലാതെ പരിശോധന നടത്തിയതിനും കാരണം അന്വേഷിച്ചപ്പോൾ കേരള പോലീസ് ആക്ട് 37 പ്രകാരം എന്നോട് അത് പറയാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. എന്ന് വച്ചാൽ ശരിയായ ഒരു ഉത്തരവും പോലീസിനില്ല. ശരിക്കും പറഞ്ഞാൽ മൂന്നാറിലെ തൊഴിലാളികളുടെ സമരം പിന്തുണച്ചതിനും അവരോടൊപ്പം പ്രവർത്തിച്ചതിനും എന്നെ മാനസീകമായി പീഡിപ്പിച്ചു ആത്മഹത്യാ ചെയ്യിക്കുവാൻ പോലീസിന്റെ സഹായത്തോടു കൂടെ ഇവിടത്തെ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കയാണ്.

ഈ വിവരം സാധാരണ മനുഷ്യന് ജീവിക്കാൻ വേണ്ടി സമരം നടത്തുന്ന എല്ലാവരെയും അറിയിക്കുവാൻ വേണ്ടിയാണ് ഈ പോസ്റ്റ്.

Full View
Tags:    
News Summary - Munnar Penbilla Orumai Strike Manoj James -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.