മൂ​ന്നാ​ർ കൈ​യേ​റ്റം:ഇന്ന്​ മുഖ്യമന്ത്രിയുമായി ചർച്ച

ചെറുതോണി: മൂന്നാർ കൈയേറ്റങ്ങളെക്കുറിച്ച് ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ, ദേവികുളം സബ് കലക്ടർ വി. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ വെള്ളിയാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. കൈയേറ്റക്കാരെക്കുറിച്ചു റിപ്പോർട്ടുകൾ നൽകുന്നതോടൊപ്പം അവിടുത്തെ സ്ഥിതിഗതികളും മുഖ്യമന്ത്രിയെ ധരിപ്പിക്കും.

വൻകിടക്കാരും ചെറുകിടക്കാരും രാഷ്ട്രീയ നേതാക്കളും ഒന്നുപോലെ മൂന്നാറിൽ ഭൂമി ൈകയേറിയിട്ടുണ്ട്. കൈയേറ്റക്കാരിൽ സർക്കാർ ജീവനക്കാരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വൻകിടക്കാർക്ക് കാലാകാലങ്ങളിൽ കൈയേറ്റത്തിനു സൗകര്യം ചെയ്തുകൊടുത്താണ് ഉദ്യോഗസ്ഥർ ഭൂമി സ്വന്തമാക്കിയത്. ദേവികുളത്ത് സബ്കലക്ടറുടെ ഓഫിസിനോടു ചേർന്ന് പത്തേക്കറോളം ഇതരജില്ലയിൽനിന്ന് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥർ കൈയേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഭൂമി കൈയേറിയ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക സബ് കലക്ടറുടെ നേതൃത്വത്തിൽ ശേഖരിച്ചിട്ടുണ്ട്. ഒരു മാവേലി സ്റ്റോർ ജീവനക്കാരി ദേവികുളത്ത് 90 സെൻറ്  ഭൂമി കൈയേറി കെട്ടിടം നിർമിച്ചശേഷം ഹോം സ്റ്റേ നടത്തുന്നുണ്ട്. എൽ.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ ദേവികുളം സി.െഎ ഒാഫിസിനടുത്ത് സ്വന്തമാക്കിയത് അരയേക്കർ ഭൂമിയാണ്. ദേവികുളത്ത് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരന് അനുവദിച്ച ക്വാർട്ടേഴ്സ് പൊളിച്ചുകളഞ്ഞ് സ്ഥലം സ്വന്തമാക്കി  ഇയാൾ വീട് നിർമിച്ചു. ഒരു പാർട്ടി നേതാവിെൻറ സഹോദരൻ അരയേക്കർ കൈയേറി താൽക്കാലിക കെട്ടിടവും വാട്ടർ ടാങ്കും നിർമിച്ചതായി ആരോപണമുയർന്നിരുന്നു. മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ ഭൂമി കൈവശപ്പെടുത്തി 35 മുറികളാണ് പണിത് വാടകക്ക് കൊടുത്തിരിക്കുന്നത്. 2500 മുതൽ 3000 രൂപവരെയാണ് പ്രതിമാസ വാടക. ഒരു മുൻസിഫ് കോടതി ജീവനക്കാരനും കോടികളുടെ ഭൂമി ൈകയേറിയതായി കണ്ടെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനു പുറമെ കോടതിയിലെ ആമീനും ഭൂമി സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപെട്ട നേതാക്കളും വ്യാപാരികളും ബിനാമി പേരുകളിൽ ഭൂമി സമ്പാദിച്ചിട്ടുണ്ട്. മൂന്നാറിനെ തുണ്ടുതുണ്ടായി വീതിച്ചെടുത്ത ഇവരെ ഒഴിവാക്കുമ്പോൾ ശക്തമായ എതിർപ്പുണ്ടാകുമെന്നാണ് ഭരണകൂടത്തിെൻറ വിലയിരുത്തൽ. മുഖ്യമന്തിയും റവന്യൂ മന്ത്രിയുമായി കലക്ടറും ഉദ്യോഗസ്ഥരും നടത്തുന്ന ചർച്ചക്ക് ശേഷമായിരിക്കും തുടർനടപടി.

Tags:    
News Summary - munnar encroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.