കോട്ടക്കുന്നുകാരെ ആര് പുനരധിവസിപ്പിക്കും; നഗരസഭക്ക് ആശയക്കുഴപ്പം

മലപ്പുറം: കോട്ടക്കുന്നിലും താഴ്വാരത്തുമായി കഴിയുന്ന 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ നഗരസഭ ആശയക്കുഴപ്പത്തിൽ. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയ അവതരണത്തിനിെടയാണ് കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് സ്ഥിരമായി പുനരധിവസിപ്പിക്കാനുള്ള നിസ്സഹായാവസ്ഥ ചെയർമാൻ മുജീബ് കാടേരി അംഗങ്ങളെ അറിയിച്ചത്.

നഗരസഭയുടെ കൈവശം വെറുതെ കിടക്കുന്ന ഒരുതുണ്ട് ഭൂമിപോലും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം മലപ്പുറം സ്പിന്നിങ് മില്ല് സ്ഥിതി ചെയ്യുന്ന മാമ്പറമ്പിൽ ഒരു ഏക്കർ അനുയോജ്യ സ്ഥലമുണ്ടെന്നും ഇത് വനം വകുപ്പിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ അംഗങ്ങൾ തിരുവനന്തപുരത്ത് പോയി വനംമന്ത്രി അടക്കമുള്ളവരെ കണ്ടാൽ ഈ ഭൂമി വിട്ടുകിട്ടാൻ കാലതാമസമുണ്ടാകില്ലെന്നും മുജീബ് കാടേരി പറഞ്ഞു.

എന്നാൽ, ചെയർമാന്‍റെ ഈ നിർദേശത്തോട് അനുകൂല സമീപനമല്ല പ്രതിപക്ഷം സ്വീകരിച്ചത്. അതേസമയം, വിഷയം പൂർണമായും സർക്കാറിന് വിട്ട് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടരുതെന്നും പ്രതിപക്ഷ അംഗങ്ങൾ സൂചിപ്പിച്ചു. ഇതോടെ കുടുംബങ്ങളെ സ്ഥിരമായി പുനരധിവസിപ്പിക്കണമെന്ന പ്രമേയം കൗൺസിൽ ഒന്നടങ്കം അംഗീകരിച്ചെങ്കിലും ഇതിനുള്ള പ്രായോഗിക നടപടികൾ ഇനിയും നീളുമെന്നുറപ്പായി.

വിഷയം സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു.നിലവിൽ ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടക്കുന്നിലെ ഓരോ കുടുംബങ്ങൾക്കും ഇവിടെ നിന്ന് മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ ചെയറിനെ അറിയിച്ചു.

എന്നാൽ, ഭൂരിപക്ഷം കുടുംബങ്ങൾക്കും സ്ഥലം വാങ്ങി വീട് വെക്കുന്നതിന് ഈ തുക മതിയാവുന്നതല്ലെന്ന കാര്യം കോട്ടക്കുന്ന് ഉൾപ്പെടുന്ന 17ാം വാർഡ് അംഗം കെ.ടി. രമണി യോഗത്തെ അറിയിച്ചു. 25 ഉം 30 ഉം സെന്‍റ് ഭൂമിയുള്ളവർവരെ പുനരധിവസിപ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇതിന് മറുപടിയായാണ് ചെയർമാൻ നഗരസഭക്ക് പുനരധിവാസത്തിന് ഭൂമിയില്ലെന്നും സ്പിന്നിങ് മില്ലിന് സമീപത്തെ ഭൂമി സർക്കാർ ഇടപെട്ട് വനംവകുപ്പിൽനിന്ന് ഏറ്റെടുത്ത് നഗരസഭക്ക് കൈമാറുന്ന പക്ഷം പുനരധിവാസം സാധ്യമാകുമെന്നും പറഞ്ഞത്.

നഗരസഭയുടെ 38ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇൻഡസ്ട്രിയൽ പാർക്കിലെ സ്ഥാപനങ്ങൾ ഇതുവരെ നഗരസഭ പിരിച്ചെടുത്ത നികുതി തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ കാര്യവും കൗൺസിലിൽ ചർച്ചയായി. ഇവിടെയുള്ള സ്ഥാപനങ്ങളുടെ കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ 1999ലെ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ് ഏരിയ ഡെവലപ്മെന്‍റ് ആക്റ്റ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി നൽകേണ്ടതില്ലെന്ന് കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.

നിലവിൽ ഇൻകൽ വ്യവസായ പാർക്കിലെ സ്ഥാപനങ്ങളിൽനിന്ന് 39,92,743 രൂപയാണ് നികുതി കുടിശ്ശികയായിരിക്കുന്നത്. 1994ലെ കേരള മുനിസിപ്പൽ നിയമത്തിലെ 235 വകുപ്പ് പ്രകാരം വ്യവസായ പാർക്കുകളിലെ സ്ഥാപനങ്ങളെ വസ്തുനികുതിയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

Tags:    
News Summary - municipality is confused Who will rehabilitate the peoples of kottakunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.