മേപ്പാടി പുത്തുമല ഉരുൾദുരന്തത്തിലെ അതിജീവിതർക്കുള്ള സർക്കാർ പുനരധിവാസ പദ്ധതിയിലെ വീടിന്റെ മുകളിൽ ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരിക്കുന്നു (ഫയൽ)
കൽപറ്റ: പുനരധിവാസ വീടുകളിലെ ചോർച്ചയടക്കമുള്ള പ്രശ്നങ്ങളാൽ ദുരിതമനുഭവിക്കുന്ന പുത്തുമലക്കാരുടെ അവസ്ഥ തങ്ങൾക്ക് വരരുതെന്ന് മുണ്ടക്കൈ ഉരുൾദുരന്തത്തിലെ അതിജീവിതർ. സർക്കാർ കൽപറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ നിർമാണം പൂർത്തിയായ മൂന്നു വീടുകളിൽ വിള്ളൽ കാണുകയും ചോർച്ചയുണ്ടാവുകയും ചെയ്തതോടെയാണ് മുണ്ടക്കൈ-ചൂരൽമലക്കാരും ആശങ്ക ഉയർത്തുന്നത്. 2019 ആഗസ്റ്റ് എട്ടിനാണ് 17പേർ മരിച്ച പുത്തുമല ഉരുൾ ദുരന്തമുണ്ടാകുന്നത്.
മേപ്പാടിക്കടുത്ത പൂത്തക്കൊല്ലിയിൽ ‘ഹർഷം’ എന്ന പേരിൽ സർക്കാർ ഇവരെ പുനരധിവസിപ്പിച്ച വീടുകൾ ചോർന്നൊലിക്കുകയാണ്. ‘മാതൃഭൂമി’ ട്രസ്റ്റ് നൽകിയ ഭൂമിയിൽ സർക്കാറിന്റെ രൂപരേഖ പ്രകാരം സന്നദ്ധസംഘടനകളാണ് 49 വീടുകളും അനുബന്ധ സൗകര്യങ്ങളും നിർമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്. ഏഴ് സെന്റിൽ രണ്ട് കിടപ്പുമുറി, അടുക്കള, സിറ്റ്ഔട്ട്, ഹാൾ, ടോയ്ലറ്റ് എന്നിവയുള്ള 690 ചതുരശ്രയടിയുള്ളതാണ് വീടുകൾ. മുൻഭാഗം ഇൻഡസ്ട്രിയൽ വർക്ക് നടത്തി ഓടുപാകി. ബാക്കി ഭാഗം കോൺക്രീറ്റുമാണ്.
കോൺക്രീറ്റ് കഴിഞ്ഞ ഭാഗത്ത് ടെറസിൽ ഭിത്തികെട്ടി ബാക്കിവരുന്ന ഭാഗം ചെരിച്ച് ഓട് പാകി. ഇത്തരത്തിലുള്ള വീടിന്റെ പ്ലാൻ അശാസ്ത്രീയമാണെന്ന് അന്നുതന്നെ സന്നദ്ധസംഘടനകൾ സർക്കാറിനോട് പറഞ്ഞിരുന്നുവെങ്കിലും ഉയർന്ന പ്രദേശമായതിനാൽ ഈ പ്ലാൻ തന്നെ വേണമെന്ന് സർക്കാർ നിർബന്ധം പിടിച്ചു. ഇതോടെ ഒരേ പ്ലാനിൽ എല്ലാ വീടുകളും നിർമിച്ചുവെങ്കിലും കുറച്ചു വർഷങ്ങളായപ്പോൾ തന്നെ വീടുകൾ ചോർന്നുതുടങ്ങി. കോൺക്രീറ്റ് കഴിഞ്ഞ് ഓടുവിരിച്ച ഭാഗം തുടങ്ങുന്ന സ്ഥലത്തുനിന്നാണ് ചോർച്ച.
മഴക്കാലത്ത് ചുമരിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം പിടിക്കാനായി വീടിനകത്ത് പാത്രങ്ങൾ വെക്കണം. മേൽക്കൂരയിൽ ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്. നിർമാണം നടക്കുന്ന സമയത്തുതന്നെ പ്ലാൻ അശാസ്ത്രീയമാണെന്ന വസ്തുത സർക്കാർ അവഗണിച്ചു. അതേസമയം, പുത്തുമലക്കാരായ 20ഓളം കുടുംബങ്ങൾക്ക് കാപ്പംകൊല്ലിയിലടക്കം സന്നദ്ധസംഘടനകൾ സ്വന്തംനിലക്ക് നിർമിച്ചുനൽകിയ വീടുകൾക്ക് ഇതുവരെ തകരാറില്ലെന്ന് താമസക്കാർ പറയുന്നു.
മുണ്ടക്കൈ ഉരുൾദുരന്തത്തിനിരയായവർക്കുള്ള ടൗൺഷിപ്പിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 178 വീടുകളിൽ എ 8, 7, 87 എന്നീ വീടുകളിലാണ് കഴിഞ്ഞ ദിവസം വിള്ളലും ചോർച്ചയും ഉണ്ടായത്. ഇവിടെ 1000 ചതുരശ്രയടിയിൽ എല്ലാ വീടുകളും ഒരേ പ്ലാനിൽ തന്നെയാണ് നിർമിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങൾ നൽകിയ 773.98 കോടിയിൽ നിന്നുള്ള പണം മാത്രം ചെലവിട്ടാണ് നിർമാണം. ടൗൺഷിപ്പിലെ വീട്ടിൽ കഴിഞ്ഞ ദിവസമെത്തിയ റവന്യൂ മന്ത്രി കെ. രാജൻ കോൺക്രീറ്റിനുള്ളിലൂടെ വെള്ളം കിനിഞ്ഞിറങ്ങിയ ഭാഗത്ത് ഗുണനിലവാര പരിശോധനക്കായി മാർക്കർ വരയിട്ട ഭാഗം ഉരച്ചുനോക്കിയാണ് വിള്ളൽ ഇല്ലെന്ന് അവകാശപ്പെട്ടത്. എന്നാൽ, പണികളെല്ലാം കഴിഞ്ഞ് പെയിന്റടിച്ച വീടുകളിൽ വിള്ളൽ വീഴുന്നതാണ് അതിജീവിതരെ കൂടുതൽ ആശങ്കയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.