'മൂന്ന് മാസമായി കേരളത്തിലെ കോൺഗ്രസ് നിശ്ചലം, മുഴുവൻ സമയ അധ്യക്ഷനെ ഉടൻ നിയമിക്കണം': മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിടുമ്പോൾ സംസ്ഥാന കോൺഗ്രസ് പൂർണമായും നിശ്ചലമാണെന്ന കടുത്ത വിമർശനവുമായി മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെയാണ് ഇപ്പോൾ ആവശ്യമെന്നും പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിയിൽ മിടുക്കരായ നിരവധി ആളുകളുണ്ടെന്നും അവർക്ക് അവസരം നൽകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 'ഒരാൾക്ക് ഒരു പദവി' എന്ന നയം കോൺഗ്രസിൽ കർശനമായി പാലിക്കണം. മന്ത്രിയായ സണ്ണി ജോസഫിന് കെ.പി.സി.സി അധ്യക്ഷ പദവി കൂടി ഒരുമിച്ച് കൊണ്ടുപോകുക പ്രയാസകരമാണ്. ജനപ്രതിനിധികൾ ഉൾപ്പെടെ മറ്റ് സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് അധ്യക്ഷ പദവി കൂടി നൽകിയാൽ അത് കുട്ടിക്കളിയായി മാറുമെന്നും എം.പിമാരെയും എം.എൽ.എമാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും അദ്ദേഹം പരോക്ഷമായി വ്യക്തമാക്കി. ദളിത് പ്രസിഡന്റ് വേണമെന്ന കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനയോട്, അർഹതയുള്ളവർക്കാണ് സ്ഥാനം നൽകേണ്ടതെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. എല്ലാ കാലത്തും ബഹുസ്വരത കാത്തുസൂക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്.

താഴെത്തട്ടിൽ പോലും പാർട്ടി പ്രവർത്തനം നടക്കുന്നില്ലെന്നും അധികാരത്തിൽ മാത്രമാണ് ഇപ്പോൾ നേതാക്കൾക്ക് ശ്രദ്ധയെന്നുമുള്ള മുല്ലപ്പള്ളിയുടെ വിമർശനം കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പൊതുവികാരമായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ കെ.പി.സി.സിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ഹൈക്കമാൻഡിനോട് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി അധ്യക്ഷന് പുറമെ രണ്ട് വർക്കിങ് പ്രസിഡന്റുമാരും നിലവിൽ മന്ത്രിസഭയിലുണ്ട്. പാർട്ടി-സർക്കാർ ഏകോപന സമിതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഇതിനിടെ ചില എം.പിമാർ അധ്യക്ഷ പദവിക്കായി ചരടുവലി ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ജനപ്രതിനിധികൾക്കെതിരെ മുല്ലപ്പള്ളി കടുത്ത നിലപാട് സ്വീകരിച്ചത്. ഓണത്തിന് ശേഷം അധ്യക്ഷ നിർണയ ചർച്ചകൾ സജീവമാകാനാണ് സാധ്യത.

താൻ ഉന്നയിച്ച വിഷയങ്ങളാണ് യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചതെന്ന പി.വി. അൻവറിന്റെ അവകാശവാദത്തെയും മുല്ലപ്പള്ളി തള്ളി. അൻവറിന്റെ വെളിപ്പെടുത്തലുകളല്ല, മറിച്ച് പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ കഷ്ടപ്പാടും നേതാക്കളുടെ പ്രവർത്തനവുമാണ് മുന്നണിക്ക് ഗുണം ചെയ്തത്. ഇതിനൊപ്പം സംസ്ഥാനത്തുണ്ടായിരുന്ന ശക്തമായ പിണറായി വിജയൻ വിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂല ഘടകമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Mullappally Ramachandran Criticizes Kerala Congress State Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.