സണ്ണി എം കപിക്കാട്
തിരുവനന്തപുരം: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗത്തിലെ ഒരു വാക്ക് പ്രയോഗിച്ചതിൽ ഖേദമുണ്ടെന്നും എന്നാൽ ഉന്നയിച്ച ആശയങ്ങളിലും നിലപാടുകളിലും ഒരടി പോലും പിന്നോട്ടില്ലെന്നും ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് വ്യക്തമാക്കി. പ്രസംഗത്തിനിടയിൽ കടന്നുകൂടിയ 'ബലാൽസംഗവീരൻ' എന്ന പദപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അതിൽ മാത്രമാണ് തനിക്ക് ഖേദമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൂർണമായ പ്രസംഗത്തിലെ രണ്ട് വാക്യങ്ങൾ മാത്രം അടർത്തിയെടുത്ത് സംഘപരിവാർ വ്യാപകമായ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
മലയാള സർവകലാശാലയിൽ അനഘ ശശിയുടെ സമരവേദിയിൽ സംസാരിക്കവെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. ജെഎൻയുവിൽ അമ്പലം പണിത് ഫണ്ട് കണ്ടെത്താമെന്ന വൈസ് ചാൻസലറുടെ പ്രസ്താവനയെയും, ക്ഷേത്രങ്ങളുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും വിമർശിക്കുന്നതിനിടെയാണ് ശബരിമല വിഷയം പരാമർശിച്ചത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളെ കണ്ടാൽ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നുമുള്ള വാദങ്ങൾ യഥാർത്ഥത്തിൽ അയ്യപ്പനെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നും, അത്തരം അന്ധവിശ്വാസങ്ങളെയാണ് താൻ പരിഹസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാവരടക്കമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളെ മായ്ച്ചുകളയാനുള്ള സംഘപരിവാർ നീക്കങ്ങളെയും അദ്ദേഹം വിമർശിച്ചു.
വിവാദത്തെത്തുടർന്ന് രാഹുൽ ഈശ്വർ, കുമ്മനം രാജശേഖരൻ, പന്തളം കൊട്ടാരം തുടങ്ങിയവരുടെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാൻ പോലീസ് നീക്കം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി ആർ അംബേദ്കറും പൊയ്കയിൽ അപ്പച്ചനും കാണിച്ചുതന്ന വിമർശന ധാരയിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും, ആരെയും ഭയന്ന് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഏത് മതത്തെയും സാമൂഹിക തലത്തിൽ വിമർശിക്കാൻ പൗരന് അവകാശമുണ്ടെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും സണ്ണി കപിക്കാട് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.