മുല്ലപ്പെരിയാർ മരംമുറി: ശാസനയിൽ ഒതുക്കി ബെന്നിച്ചനെതിരായ നടപടി അവസാനിപ്പിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്ക് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ വകുപ്പുതല നടപടി അവസാനിപ്പിച്ചു. പുതിയ വനം മേധാവിയെ കണ്ടെത്താനുള്ള ഉന്നതതല യോഗം ചേരാനിരിക്കെയാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെതിെരയുള്ള അച്ചടക്ക നടപടി ഫയല്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. സര്‍ക്കാറുമായി ആലോചിക്കാതെ മരംമുറിക്കാന്‍ അനുമതി നല്കി ഉത്തരവിറക്കിയതിെൻറ പേരിലുള്ള അച്ചടക്ക നടപടി ശാസനയില്‍ ഒതുക്കിയാണ് സര്‍ക്കാര്‍ നടപടി.
മുല്ലപ്പെരിയാര്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ബെന്നിച്ചന് തോമസിനെ നേരേത്ത സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിന് സസ്പെന്ഷന് റദ്ദാക്കി സര്‍വിസില്‍ തിരിച്ചെടുത്തു.
ബെന്നിച്ചന് ഒറ്റക്കല്ല തീരുമാനമെടുത്തതെന്നും വിവിധ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കാന്‍ അദ്ദേഹം ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാറുമായി ആലോചിക്കാതെ മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് ബെന്നിച്ചനെതിരായ അച്ചടക്ക നടപടി ശാസനയില്‍ ഒതുക്കാന്‍ തീരുമാനിച്ചത്.
വനം മേധാവി പി.കെ. കേശവന് വിരമിക്കുന്ന ഒഴിവില്‍ പുതിയ മേധാവിയെ കണ്ടെത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗം വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ ഫോറസ്റ്റ് സര്‍വിസിലുള്ള പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരില്‍ 1988 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചന് തോമസാണ് സീനിയര്‍. ബെന്നിച്ചന് അടുത്ത വര്‍ഷം ജൂലൈ വരെ സര്‍വിസുണ്ട്.
ഇതേ ബാച്ചിലെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വിജിലന്‍സ് ആൻഡ് ഇന്റലിജന്‍സ് മേധാവിയുമായ ഗംഗാ സിങ്ങും പരിഗണനാപട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.