കർണാടകയിൽനിന്ന് വ്യാജ ഡ്രൈവിങ് ലൈസൻസ്; ലൈസൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം
തിരൂരങ്ങാടി: കർണാടകയിൽനിന്ന് അനധികൃതമായി സംഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസുകൾ തിരൂരങ്ങാടി ആർ.ടി ഓഫിസിൽ ക്രമവത്കരിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തട്ടിപ്പിലൂടെ നേടിയ 25 ലൈസൻസുകളിൽ മോട്ടോർ വാഹന വകുപ്പ് 24 എണ്ണം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ലൈസൻസ് ഉടമകൾക്ക് നോട്ടിസ് നൽകി രേഖകൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.
അതേസമയം, സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തി സസ്പെൻഡ് ചെയ്ത രണ്ട് എം.വി.ഐമാരെയും ക്ലാർക്കിനെയും തൊട്ടുപിന്നാലെ തിരിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെ ഏജന്റുമാരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. കർണാടകയിലെ ഏജന്റ് വഴി അവിടെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി വ്യാജരേഖയുണ്ടാക്കി ലൈസൻസ് സംഘടിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ പി.ഡി.എഫ് ഇവിടത്തെ ഏജന്റിന് അയച്ചുനൽകും. ഇതുപയോഗിച്ച് 400 രൂപ ഫീസ് അടച്ചു മേൽവിലാസം മാറ്റത്തിന് അപേക്ഷ നൽകുകയാണ് ചെയ്തിരുന്നത്.
കർണാടകയിലെ ലൈസൻസും ഇവിടത്തെ രേഖകളും ലഭിക്കുമ്പോൾ പ്രാഥമിക പരിശോധനയിൽതന്നെ ഫോട്ടോയിലെയും വിലാസത്തിലെയും വൈരുധ്യം വ്യക്തമാകുമെങ്കിലും ഉദ്യോഗസ്ഥർ അനുമതി നൽകുന്നതോടെയാണ് പുതിയ വിലാസത്തിൽ ലൈസൻസ് അനുവദിക്കുന്നത്. ഇതിനായി ‘സാരഥി’ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 25,000 രൂപ മുതലാണ് ഇതിന് ഏജന്റുമാർ വാങ്ങുന്ന കൈക്കൂലി. ലേണിങ്, ഡ്രൈവിങ് ടെസ്റ്റുകൾ നടത്താതെ ലൈസൻസ് ലഭിക്കും.
തിരൂരങ്ങാടി ആർ.ടി ഓഫിസിന് കീഴിൽ മേൽവിലാസ മാറ്റത്തിനുള്ള അപേക്ഷകൾ സാധാരണയിൽ കവിഞ്ഞ് ലഭിക്കുന്നത് ശ്രദ്ധയിൽപെട്ട ഇന്റേണൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരിയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനയിൽ യഥാർഥത്തിൽ കർണാടകയിൽ പോയി ലൈസൻസ് നേടിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.